ഇന്ത്യ- ഇംഗ്ലണ്ട് പരമ്പരയിലെ രണ്ടാം ടെസ്റ്റ് ജൂലൈ രണ്ടിന് ബിർമിങ്ഹാമിലെ എഡ്ജ്ബാസ്റ്റൺ സ്റ്റേഡിയത്തിലാണ് നടക്കുക. ആദ്യ ടെസ്റ്റ് തോറ്റ ഇന്ത്യക്ക് ഇനിയുളള കളികൾ നിർണായകമാണ്. രണ്ടാം ടെസ്റ്റിലും ഇന്ത്യൻ ടീമിന്റെ പ്രധാന ബാറ്റർമാർ ശുഭ്മാൻ ഗിൽ, റിഷഭ് പന്ത്, കെഎൽ രാഹുൽ തുടങ്ങിയവരായിരിക്കുമെന്ന് പറയുകയാണ് മുൻ ഇന്ത്യൻ താരം വരുൺ ആറോൺ. എന്നാൽ കരുൺ നായർക്കും ഇവരെ പോലെ തന്നെ അടുത്ത ടെസ്റ്റിൽ ഇന്ത്യൻ ടീമിൽ പ്രാധാന്യമുണ്ടാവും. മുൻപ് കൗണ്ടി ക്രിക്കറ്റിൽ നോർത്താംപ്ടൺഷെയർ താരമായിരുന്നു കരുൺ. ടീമിനായി കൗണ്ടി ക്രിക്കറ്റിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവച്ചിട്ടുണ്ട് താരം.
കരുൺ നായർക്ക് ഇന്ത്യൻ ടീമിൽ സ്ഥിര സാന്നിദ്ധ്യമാവാനുളള അവസാന അവസരമായിരിക്കും അടുത്ത ടെസ്റ്റ് എന്ന് വരുൺ ആറോൺ അഭിപ്രായപ്പെട്ടു. “ആദ്യ ടെസ്റ്റിൽ സെഞ്ച്വറി നേടിയതിനാൽ ശുഭ്മാൻ ഗിൽ, റിഷഭ് പന്ത്, കെ.എൽ. രാഹുൽ എന്നിവർ ടീമിലുണ്ടാകും എന്നത് വ്യക്തമാണ്. എന്നിരുന്നാലും, കൗണ്ടി ക്രിക്കറ്റിൽ എഡ്ജ്ബാസ്റ്റണിൽ റൺസ് നേടിയതിനാൽ കരുൺ നായർ അവിടെ വളരെ പ്രധാനപ്പെട്ട ഒരു ബാറ്റ്സ്മാൻ ആയിരിക്കും. കൗണ്ടിയിൽ മുൻപ് കളിച്ചതിന്റെ ആത്മവിശ്വാസം എഡ്ജ്ബാസ്റ്റണിൽ കരുണിൽ പ്രകടമാവും”.
Read more
“എന്റെ അഭിപ്രായത്തിൽ, കരുണിന് ഇത് വളരെ പ്രധാനപ്പെട്ട ഒരു മത്സരമാണ്. ആദ്യ മത്സരത്തിൽ അദ്ദേഹം റൺസ് നേടിയില്ല. എട്ട് വർഷത്തിന് ശേഷം തന്റെ സ്ഥാനം തിരിച്ചുപിടിച്ചതിനാൽ കരുൺ തീർച്ചയായും സമ്മർദത്തിലായിരിക്കും. ഒരുപക്ഷേ ഇത് അവസാന അവസരമായിരിക്കാം”, വരുൺ ആറോൺ കൂട്ടിച്ചേർത്തു.