രോഹിത്തിനെ ആരാധകര്‍ ചവറ്റുകുട്ടയില്‍ എറിയുന്ന കാലം അതിവിദൂരമല്ല

ക്രിക്കറ്റിലെ മിക്ക റെക്കോര്‍ഡുകളും കൈവശം വക്കുന്ന ഒരു മനുഷ്യന്‍ ‘സച്ചിനേപോലും’ ഇയാളെന്ത് കളിക്കാരന്‍ എന്ന് ആക്ഷേപിക്കണമെങ്കില്‍ അതൊരിക്കലും ഒരു വിദേശി ആയിരിക്കില്ല. തീര്‍ച്ചയായും അതൊരു ഇന്ത്യക്കാരന്‍, എക്‌സ് സ്പെഷ്യലി അതൊരു മലയാളി ആയിരിക്കും എന്നുള്ളത് ക്രൂരമായ ഒരു തമാശയാണ്. പല കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ക്രിക്കറ്റ് അതാത് കാലങ്ങളില്‍ ഹീറോകളെ ലോകത്തിനു സമ്മാനിക്കാറുണ്ട്. പുതിയ ഹീറോകള്‍ ഉയര്‍ന്നുവരുമ്പോള്‍ പഴയവരെ കോമാളികളാക്കുന്ന ഫാനിസം ഒരുപക്ഷെ നമ്മളില്‍ മാത്രമേ കാണാറുള്ളൂ.

എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരിലൊരാളായ റിക്കിപോണ്ടിങ് സ്ഥാനമൊഴിഞ്ഞ കോഹ്ലിയെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.തന്റെ നേതൃത്വത്തില്‍ കോഹ്ലി ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ കൂടുതല്‍ ഉയരങ്ങളിലെത്തിച്ചുവെന്നും വിദേശത്ത് ടീമിനെ വിജയിപ്പിക്കാന്‍ കൂടുതല്‍ സാധിച്ചുവെന്നുമാണ് പോണ്ടിങ്ങിന്റെ വിലയിരുത്തല്‍. മികച്ച ഒരു ടീം എപ്പോഴും കൂടെയുണ്ടായിരുന്ന തനിക്കോ ഗ്രേയിം സ്മിത്തിനോ സ്റ്റീവ്വോക്കോ കഴിയാതിരുന്ന അമ്പരപ്പിക്കുന്ന നേട്ടങ്ങള്‍ ടെസ്റ്റ് ക്രിക്കറ്റില്‍ കോഹ്ലിയുടെ കീഴില്‍ ഇന്ത്യക്ക് നേടാനായി എന്നദ്ദേഹം പറയുമ്പോള്‍ വരുന്ന നെഗറ്റീവ് കമെന്റ്‌സ് ഇപ്പോഴേ ഊഹിക്കാവുന്നതേയുള്ളൂ.

ഒരു ICC ട്രോഫി കിട്ടാത്തത് കൊണ്ടുമാത്രം നാം മോശപ്പെട്ടവനെന്നു കരുതുന്നൊരാള്‍.. എന്നാല്‍ പലവട്ടം അയാള്‍ അതിനടുത്തെത്തിയിരുന്നു എന്ന് നാം ഓര്‍ക്കുന്നില്ല. ഒരു മോശം ദിവസത്തിന്റെയോ തീരുമാനത്തിന്റെയോ ഭാഗ്യക്കുറവിന്റെയോ പേരില്‍ അയാള്‍ വെറുക്കപെടുന്നു. ഗ്രേയേംസ്മിത്ത്, സ്റ്റീഫന്‍ ഫ്‌ലമിങ്, എന്നിവരെ അതേ നാം മികച്ച ക്യാപ്റ്റന്‍മാരായി കണക്കാക്കുന്നുമുണ്ട്. എന്നിട്ടും വിരാട്..

അതേ, കാലം ഇനിയുമുരുളും. ഇപ്പോള്‍ പുകഴ്ത്തിപ്പാടപ്പെടുന്ന രോഹിത്തിനെപോലും ഒരു ICC കിരീടം നേടാനായില്ലെങ്കില്‍ അയാള്‍ ഇത് വരെ നേടിയ നേട്ടങ്ങളൊക്കെ ഇതേ ആരാധകര്‍ ചവറ്റുകുട്ടയില്‍ എറിയുന്ന കാലവും അതിവിദൂരമല്ല. അതാണ് ഈ ഇന്ത്യന്‍ ‘ഗ്രേറ്റ് മലയാളി ‘ഫാനിസത്തിന്റെ ക്യാന്‍സറും..!

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍