ആരാധകരെ ശാന്തരാകുവിന്‍; സൂര്യകുമാര്‍ ഏകദിനം കളിക്കാന്‍ പഠിക്കുകയാണ്, മൂന്നാം വട്ടവും താരം ഗോള്‍ഡന്‍ ഡക്ക്!

ഓസീസിനെതിരായ ഏകദിന പരമ്പരയിലൂടെ നാണക്കേടിന്റെ പടുക്കുഴിയിലേക്ക് ഊളിയിട്ട് ലോക ഒന്നാം നമ്പര്‍ ടി20 ബാറ്റര്‍ സൂര്യകുമാര്‍ യാദവ്. ആ രണ്ട് മത്സരങ്ങളിലും ആദ്യ പന്തില്‍ പുറത്തായ സൂര്യകുമാര്‍ മൂന്നാം ഏകദിനത്തിലും അത് തിരുത്താന്‍ നിന്നില്ല. ചെന്നൈ ഏകദിനത്തിലും സൂര്യ ഗോള്‍ഡന്‍ ഡക്കായി. ആദ്യ രണ്ട് മത്സരങ്ങളില്‍ മിച്ചെല്‍ സ്റ്റാര്‍ക്കാണ് താരത്തെ പുറത്താക്കിയതെങ്കില്‍ മൂന്നാം ഏകദിനത്തില്‍ ആഷ്ടണ്‍ ആഗറാണ് സൂര്യയെ പുറത്താകിയത്. നേരിട്ട ആദ്യ ബോളില്‍ താരം ക്ലീന്‍ബൗള്‍ഡ് ആവുകയായിരുന്നു.

സൂര്യകുമാര്‍ യാദവ് ഏകദിന ക്രിക്കറ്റ് പഠിച്ചുവരികയാണെന്നാണ് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് താരത്തിന്റെ ദയനീയ പ്രകടനത്തോട് പ്രതികരിച്ചത്. ടി20 ക്രിക്കറ്റിലെ താരത്തിന്റെ പ്രകടനത്തെ വാഴ്ത്തിപ്പാടിയ ദ്രാവിഡ് ടി20 ഏകദിന ക്രിക്കറ്റില്‍ നിന്ന് വ്യത്യസ്തമാണെന്നും ഏകദിന ക്രിക്കറ്റില്‍ ഇന്ത്യക്കായി അധികം കളിച്ചു പരിചയമില്ലാത്തത് സൂര്യയുടെ പ്രകടനത്തെ ബാധിച്ചിരിക്കാമെന്നും പറഞ്ഞു.

തുടരെ തുടരെ ഫ്‌ളോപ്പായിട്ടും സൂര്യകുമാര്‍ യാദവിനെ പിന്തുണച്ചു സംസാരിച്ച രാഹുല്‍ ദ്രാവിഡിനു നേരെ രൂക്ഷ വിമര്‍ശനം. ഏകദിന ഫോര്‍മാറ്റ് കളിക്കാന്‍ സൂര്യകുമാര്‍ പഠിച്ചു വരുന്നേയുള്ള എന്ന ദ്രാവിഡിന്റെ കമന്റാണ് ഒരു വിഭാഗം ആരാധരെ രോഷാകുലരാക്കിയിരിക്കുന്നത്.

32 വയസായിട്ടും സൂര്യകുമാര്‍ കളിക്കാന്‍ ഇതുവരെ പഠിച്ചില്ലേ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. കളി പഠിക്കാന്‍ ഇന്ത്യന്‍ ടീം ട്രെയിംനിംഗ് സ്‌കൂളാണോ എന്നും സൂര്യയ്ക്ക് കൊടുക്കുന്ന പ്രത്യേക പരിഗണ അതിനേക്കാള്‍ കഴിവുള്ള മറ്റുപലര്‍ക്കും നല്‍കുന്നില്ലല്ലോ എന്നും വിമര്‍ശകര്‍ ചോദിക്കുന്നു.

Read more

ഒരുപാട് വര്‍ഷങ്ങള്‍ ലിസ്റ്റ് എ ക്രിക്കറ്റിലും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലുമെല്ലാം കളിച്ചിട്ടും അദ്ദേഹം ഇപ്പോഴും ഏകദിനം പഠിക്കുകയാണെന്ന കമന്റ് അംഗീകരിക്കാനാവില്ല. കഴിവുള്ള കളിക്കാനറിയാവുന്ന മിക്ക റെക്കോഡുള്ള താരങ്ങള്‍ പുറത്തുനില്‍ക്കുമ്പോള്‍ എന്തിനാണ് ഒരാളെ ക്രിക്കറ്റ് കളിക്കാന്‍ പഠിപ്പിച്ച് ടീമില്‍ നിര്‍ത്താന്‍ നോക്കുന്നത്. ലോകകപ്പ് അടുത്തിരിക്കെ ഇത്തര പരീക്ഷണങ്ങള്‍ ഗുണകരമല്ലെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു.