മൊഹാലിയില്‍ പിറന്നത് റെക്കോഡ് മഴ ; അശ്വിന്‍ കപിലിനെ മറികടന്നു, രോഹിത് ഉഗ്രിമറി ന് ഒപ്പം

ശ്രീലങ്കയ്ക്ക് എതിരേയുള്ള ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരം ജയിച്ച ഇന്ത്യ മൊഹാലിയില്‍ ഇന്നിംഗ്‌സ് വിജയം നേടിയപ്പോള്‍ പിറന്നത് റെക്കോഡ് മഴ. ആറ് വിക്കറ്റുകള്‍ വീഴ്ത്തിയ ആര്‍ അശ്വിന്‍ ഇന്ത്യയുടെ ടെസ്റ്റ് വിക്കറ്റ് നേട്ടക്കാരില്‍ രണ്ടാമനായപ്പോള്‍ രോഹിത് ശര്‍മ്മ അരങ്ങേറ്റ മത്സരത്തില്‍ ഇന്നിംഗ്‌സ് വിജയം നേടുന്ന രണ്ടാമത്തെ നായകനായി.

ആറ് വിക്കറ്റുകള്‍ വീഴ്ത്തിയ ആര്‍ അശ്വിന്‍ ഇന്ത്യയുടെ ടെസ്റ്റ് വിക്കറ്റ് നേട്ടക്കാരില്‍ ഇതിഹാസതാരം കപില്‍ ദേവിനെയാണ് മറികടന്നത്. 434 ടെസ്റ്റ് വിക്കറ്റുകളാണ് കപിലിന്റെ സമ്പാദ്യം. അന്താരാഷ്ട്ര ടെസ്റ്റ് വിക്കറ്റ് നേട്ടക്കാരില്‍ ഒമ്പതാം സ്ഥാനത്തേക്കെത്താനും അശ്വിനായി. ഇന്ത്യ ജയിക്കുന്ന മത്സരത്തില്‍ 300 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കാനും അശ്വിനായി.

രവീന്ദ്ര ജഡേജ 150ലധികം റണ്‍സ് നേടുകയും ഒമ്പത് വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്ത ആദ്യ ഇന്ത്യന്‍ ബൗളറെന്ന നേട്ടം ജഡേജ സ്വന്തം പേരിലാക്കി. സെഞ്ച്വറിയും അഞ്ച് വിക്കറ്റും നേടിയതോടെ ഒരു മത്സരത്തില്‍ ഈ രണ്ട് നേട്ടവും ഒരുമിച്ച് നേടുന്ന നാലാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടത്തിലെത്താനായി. മൊഹാലിയിലെ ഇന്ത്യയുടെ അവസാന മൂന്ന് മത്സരത്തിലും കളിയിലെ താരമാവാന്‍ ജഡേജക്ക് സാധിച്ചു.

നായകനെന്ന നിലയില്‍ രോഹിത്തിനും നേട്ടം സ്വന്തമാക്കാനായി. നായകനായുള്ള അരങ്ങേറ്റ ടെസ്റ്റില്‍ ഇന്നിങ്സ് ജയം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ നായകനാണ് രോഹിത്. പോളി ഉമ്രിഗാറാണ് നേരത്തെ ഈ നേട്ടം സ്വന്തമാക്കിയത്. ന്യൂസീലന്‍ഡിനെതിരേ ഇന്നിങ്സിനും 27 റണ്‍സിനുമാണ് അദ്ദേഹം ജയം നേടിക്കൊടുത്തത്.

ശ്രീലങ്കയ്ക്കെതിരേ തട്ടകത്തില്‍ ഇന്ത്യ നേടുന്ന 12ാമത്തെ ജയമാണിത്.ശ്രീലങ്കയ്ക്ക് വലിയ നാണക്കേടാണ് ഏറ്റുവാങ്ങേണ്ടി വന്നിരിക്കുന്നത്. ഇന്നിങ്സ് തോല്‍വിയിലെ ടീമിന്റെ ഏറ്റവും വലിയ മൂന്നാമത്തെ തോല്‍വിയാണ് ഇന്ത്യക്കെതിരേ ഏറ്റുവാങ്ങിയത്. ശ്രീലങ്കയ്ക്ക് മൂന്നാം ദിനം മാത്രം നഷ്ടമായത് 16 വിക്കറ്റാണ്. ഈ നാണക്കേട് രണ്ടാം തവണയാണ് ശ്രീലങ്കന്‍ ടീമിന് നേരിടേണ്ടി വരുന്നത്. 2007ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേയും ഇതേ നാണക്കേട് ശ്രീലങ്കയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.