ചരിത്രത്തിലേക്ക് നടന്നുകയറി ഭുവി, മികച്ച പ്രകടനം തുടർന്നാൽ മാത്രം ലോക കപ്പ് ടീമിൽ സ്ഥാനം

ഇന്ത്യ കണ്ട ഏറ്റവും മികച്ച സ്വിംഗ് ബോളറുമാരിൽ ഒരാളായ ഭുവനേശ്വർ കുമാർ ഐപിഎല്ലിൽ 150 വിക്കറ്റുകൾ പൂർത്തിയാക്കി ചരിത്രം കുറിച്ചിരിക്കുകയാണ് .ഇതോടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ ഫാസ്റ്റ് ബോളറായി ഭുവി മാറി. ഇന്നലെ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിൽ 22 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ താരം നേടിയിരുന്നു.

174 വിക്കറ്റ് വീഴ്ത്തിയ ഡ്വെയ്ൻ ബ്രാവോയും 170 വിക്കറ്റുകൾ വീഴ്ത്തിയ ലസിത് മലിംഗയും മാത്രമാണ് ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ ഫാസ്റ്റ് ബോളർമാരുടെ പട്ടികയിൽ ഭുവനേശ്വർ കുമാറിന് മുൻപിലുള്ളത്. ഇന്ത്യൻ സ്പിന്നർമാരിൽ അമിത് മിശ്ര(166), പിയുഷ് ചൗള (157), ചഹാൽ(151) എന്നിവരും ഭുവിക്ക് മുകളിലാണ്.

കുറച്ച് നാളായി തന്റെ പഴയ ഫോമിന്റെ നിഴലിൽ മാത്രമായിരുന്ന ഭുവി മെച്ചപ്പെട്ട പ്രകടനമാണ് ഈ സീസൺ ലീഗിൽ പുറത്തെടുക്കുന്നത്. തുടർച്ചായി 2 പ്രാവശ്യം താരം പർപ്പിൾ ക്യാപ് സ്വന്തം ആക്കിയിട്ടുണ്ട്.