നാളുകൾ ഏറെയായി മോശമായ പ്രകടനം കാഴ്ച്ച വെക്കുന്ന താരമാണ് രോഹിത് ശർമ്മ. ഇപ്പോൾ കഴിഞ്ഞ ബോർഡർ ഗവാസ്കർ ട്രോഫിയിൽ താരത്തിന് വെറും 31 റൺസ് മാത്രമാണ് പരമ്പരയിൽ ഉടനീളം നേടാനായത്. കൂടാതെ ഇന്ത്യൻ ടീം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നിന്ന് പുറത്താക്കുകയും ചെയ്തു. ഇതോടെ കടുത്ത നിർദേശവുമായി ബിസിസിഐ രംഗത്ത് എത്തുകയും താരങ്ങളോട് ആഭ്യന്തര മത്സരങ്ങൾ കളിക്കാൻ നിർദേശിക്കുകയും ചെയ്തു.
രഞ്ജിയിൽ രോഹിതിനോടൊപ്പം ഓപ്പണർ യശസ്‌വി ജയ്‌സ്വാളും മുംബൈക്കായി കളിച്ചിരുന്നു. എന്നാൽ താരങ്ങൾ അവിടെയും ഫ്ലോപ്പായിരുന്നു. യശസ്‌വി ജയ്‌സ്വാൾ രണ്ട് ഇന്നിങ്‌സുകളിൽ നിന്നായി 4, 26 എന്നി റൺസുകളാണ് നേടിയത്. രോഹിത് ശർമ്മയാകട്ടെ ആദ്യ ഇന്നിങ്സിൽ 3 റൺസും രണ്ടാം ഇന്നിങ്സിൽ 28 റൺസും മാത്രമാണ് രോഹിത് നേടിയത്. ഇന്ത്യൻ ടീമിലെ താരങ്ങൾ കാരണം രഞ്ജിയിൽ മികച്ച പ്രകടനം നടത്തിയിരുന്ന ആയുഷ് മാത്രയെ ഒഴിവാക്കേണ്ടി വന്നു. അതിനെതിരെ സംസാരിച്ചിരിക്കുകയാണ് മുംബൈ ചീഫ് സിലക്ടർ സഞ്ജയ് പാട്ടീൽ.
സഞ്ജയ് പാട്ടീൽ പറയുന്നത് ഇങ്ങനെ:
” ഇത് ഞങ്ങളുടെ ഏറ്റവും മോശം തോൽവിയാണ്. ചില ഇന്ത്യൻ താരങ്ങളെ ഉൾപ്പെടുത്തുന്നതിന് വേണ്ടി പ്രതിഭാശാലികളായ ഏതാനും യുവ താരങ്ങളെ ഞങ്ങൾക്ക് ആ കളിയിൽ ഒഴിവാക്കേണ്ടി വന്നു. മികച്ച പ്രകടനം കാഴ്ച വെക്കാനും ടീമിനെ വിജയിപ്പിക്കാനും കഴിയുന്ന താരങ്ങളെയാണ് മുംബൈക്ക് വേണ്ടത്”
സഞ്ജയ് പാട്ടീൽ തുടർന്നു:
” കഴിഞ്ഞ മത്സരത്തിൽ അതുണ്ടായിരുന്നില്ല. ഒരു മത്സരത്തിന് ലഭ്യത കാണിക്കുക എന്നതിൽ മാത്രമല്ല കാര്യമെന്ന് ഇന്ത്യൻ താരങ്ങൾ മനസിലാക്കേണ്ടതുണ്ട്. മുംബൈക്ക് വേണ്ടി കളിക്കുമ്പോൾ 100 ശതമാനം നൽകുക എന്നതാണ് എല്ലായ്പ്പോളും മുംബൈ ക്രിക്കറ്റിന്റെ സംസ്കാരം” സഞ്ജയ് പാട്ടീൽ പറഞ്ഞു.