ശ്രേയസും ഇഷാനും മാത്രമല്ല, മുന്‍ സൂപ്പര്‍ താരങ്ങളും പുറത്ത്, ഇനിയൊരു തിരിച്ചുവരവ് അസാധ്യം

ബിസിസിഐ പുതുക്കിയ വാര്‍ഷിക കരാറുകള്‍ പ്രഖ്യാപിച്ചപ്പോള്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍, മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യര്‍ എന്നിവരുടെ അസാന്നിധ്യം ഏറെ ചര്‍ച്ചയായി. ദേശീയ ടീമില്‍ കളിക്കാത്ത അവസരത്തില്‍ രഞ്ജി ട്രോഫി കളിക്കണം എന്ന നിര്‍ദേശം പാലിക്കാതിരുന്നതിനാണ് ഇരുവര്‍ക്കുമെതിരെ നടപടിയെന്നോണം വാര്‍ഷിക കരാറുകളില്‍നിന്നും പുറത്താക്കിയത്. ചര്‍ച്ചകള്‍ ഈ രണ്ടു പേരിലേക്ക് ചുരുങ്ങുമ്പോള്‍ ഇവര്‍ക്ക് പുറമെ ചില വെറ്ററന്‍ താരങ്ങള്‍ക്കും പുതിയ കരാറില്‍ സ്ഥാനം നഷ്ടമായി എന്നതും ശ്രദ്ധിക്കേണ്ടതാണ്.

ടെസ്റ്റ് ക്രിക്കറ്റില്‍ ഏറെക്കാലം ഇന്ത്യയുടെ വിശ്വസ്ത ബാറ്ററായിരുന്ന ചേതേശ്വര്‍ പൂജാര, വെടിക്കെട്ട് ഓപ്പണര്‍ ശിഖര്‍ ധവാന്‍, പേസര്‍ ഉമേഷ് യാദവ്, സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ക്കും കരാര്‍ നഷ്ടമായി. നാല് താരങ്ങളും നിലവില്‍ ഇന്ത്യന്‍ സെലക്ടര്‍മാരുടെ പരിഗണനയിലുള്ളവര്‍ അല്ല. ഇനിയൊരു തിരിച്ചുവരവ് അത്ര എളുപ്പമല്ല.

ഇവരില്‍ ചഹലിന് മാത്രമാണ് ദേശീയ ടീമിലേക്ക് മടങ്ങിവരാന്‍ സാധ്യതയുള്ളത്. ഐപിഎല്‍ 2024 സീസണിലെ പ്രകടനം ചഹലിന്റെ കാര്യത്തില്‍ ഏറെ നിര്‍ണായകമാകും. പൂജാരയെ ഇനി ടെസ്റ്റിലേക്ക് പരിഗണിക്കില്ല എന്ന് നേരത്തെ തന്നെ ടീം വൃത്തങ്ങള്‍ വ്യക്തമായിരുന്നു.

വാര്‍ഷിക കരാറില്‍ ഉള്‍പ്പെട്ടവര്‍:

എ പ്ലസ് കാറ്റഗറി- രോഹിത് ശര്‍മ, വിരാട് കോഹ്ലി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ

എ കാറ്റഗറി-  ആര്‍. അശ്വിന്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കെ.എല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍, ഹാര്‍ദിക് പാണ്ഡ്യ

ബി കാറ്റഗറി- സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത്, കുല്‍ദീപ് യാദവ്, അക്സര്‍ പട്ടേല്‍, യശസ്വി ജയ്സ്വാള്‍

Read more

സി കാറ്റഗറി- റിങ്കു സിംഗ്, തിലക് വര്‍മ, ഋതുരാജ് ഗെയ്ക്വാദ്, ശര്‍ദുല്‍ താക്കൂര്‍, ശിവം ദുബേ, രവി ബിഷ്ണോയി, ജിതേഷ് ശര്‍മ, വാഷിങ്ടണ്‍ സുന്ദര്‍, മുകേഷ് കുമാര്‍, സഞ്ജു സാംസണ്‍, അര്‍ഷദീപ് സിങ്, കെ.എസ് ഭരത്, പ്രസിദ് കൃഷ്ണ, ആവേശ് ഖാന്‍, രജത് പടിദാര്‍.