രവീന്ദ്ര ജഡേജയെ ബി.സി.സി.ഐ അവഗണിക്കുന്നു? ഇത്ര മികച്ച പ്രകടനം നടത്തിയിട്ടും എന്തുകൊണ്ട് എ പ്ലസ് കരാര്‍ നല്‍കുന്നില്ല

ഇത്രയും മികച്ച പ്രകടനം നടത്തിയിട്ടും ബിസിസിഐ യുടെ വാര്‍ഷിക കരാറില്‍ എന്തുകൊണ്ട് രവീന്ദ്ര ജഡേജയ്്ക്ക് എപ്ലസ് നല്‍കുന്നില്ല. കഴിഞ്ഞ വര്‍ഷത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് പിറ്റേ വര്‍ഷം കരാര്‍ നല്‍കുന്നത്. നിലവില്‍ വിരാട് കോഹ്ലി, രോഹിത്ശര്‍മ്മ, ജസ്പ്രീത് ബൂംറ എന്നിവര്‍ക്ക് മാത്രമാണ് ഈ കരാര്‍ ഉള്ളത്. രവീന്ദ്ര ജഡേജയെ എന്തുകൊണ്ട കരാറിലെ എപ്ലസ് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തുന്നില്ല എന്ന ചോദ്യം ഉന്നയിച്ചിരിക്കുന്നത് മുന്‍ കളിക്കാരന്‍ കൂടിയായ ആകാശ് ചോപ്രയാണ്.

കഴിഞ്ഞ ഒന്നോ രണ്ടോ വര്‍ഷമായി ജഡേജ ടീമിനായി ക്രിക്കറ്റിലെ മൂന്ന്്് ഫോര്‍മാറ്റിലുമായി നടത്തുന്ന മികച്ച പ്രകടനം കണക്കാക്കിയാല്‍ എ പ്ലസ് കാറ്റഗറിയ്ക്ക് രവീന്ദ്ര ജഡേജ അര്‍ഹനാണെന്നാണ് ചോപ്ര പറയുന്നത്. എ പ്ലസ് കാറ്റഗറിയില്‍ പെടുന്നവര്‍ക്ക് വാര്‍ഷിക പ്രതിഫലമായി കിട്ടുക ഏഴുകോടി രൂപയാണ്. രോഹിത്ശര്‍മ്മയും വിരാട് കോഹ്ലിയും ജസ്പ്രീത് ബുംറയും മാത്രമുള്ള പട്ടികയ്ക്ക് മാറ്റം ഉണ്ടാകുന്നേയില്ലെന്നും ചോപ്ര വിമര്‍ശിക്കുന്നു. അടുത്ത തവണ കരാര്‍ പുതുക്കുമ്പോള്‍ ജഡേജയെ എപ്ലസില്‍ പരിഗണിക്കണം എന്നും അദ്ദേഹത്തിന്റെ പ്രകടനം മികച്ചതാണെന്നും പറയുന്നു. നിലവില്‍ എ കാറ്റഗറിയില്‍ പെടുന്ന കരാറാണ് രവീന്ദ്ര ജഡേജയ്ക്ക് നല്‍കിയിരിക്കുന്നത്.

ജഡേജയ്ക്ക് ഒപ്പം കെ.എല്‍.രാഹുലിനും ഋഷഭ് പന്തിനും ഇതേ കാറ്റഗറിയില്‍ കരാര്‍ നല്‍കണമെന്നും പറയുന്നു. പന്ത് നിലവില്‍ ഇന്ത്യയുടെ എല്ലാ ഫോര്‍മാറ്റിലെയും ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറാണ്. പതിയെ നേതൃത്വത്തിലേക്ക് വളര്‍ന്നുകൊണ്ടിരിക്കുന്ന താരവുമാണ്. ദീര്‍ഘകാല അടിസ്ഥാനത്തില്‍ രാഹുല്‍ ഇപ്പോള്‍ തന്നെ ഇന്ത്യന്‍ നായകനാണെന്നും പറയുന്നു. ഇന്ത്യന്‍ ക്രിക്കറ്റില്‍ നിലവില്‍ മൂന്ന് ഫോര്‍മാറ്റിലെയും സ്ഥിര സാന്നിദ്ധ്യം കൂടിയാണ് രാഹുലെന്നും ചോപ്ര പറയുന്നു.