INDIAN CRICKET: ധോണിയെ ചവിട്ടി പുറത്താക്കി അവനെ നായകനാക്കാൻ ബിസിസിഐ തീരുമാനിച്ചു, പക്ഷെ പദ്ധതി ആ മനുഷ്യൻ പൊളിച്ചു; വമ്പൻ വെളിപ്പെടുത്തലുമായി സുബ്രഹ്മണ്യൻ ബദരീനാഥ്

2012-ൽ ഇന്ത്യൻ ക്രിക്കറ്റിൽ അരങ്ങേറിയ ഒരു നാടകീയ സംഭവ പരമ്പരയിൽ എം.എസ്. ധോണിയുടെ നായകത്വത്തിന് നേരെയുള്ള ഭീഷണി, എങ്ങനെയാണ് ഒഴിവാക്കിയത് എന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുബ്രമണ്യൻ ബദരീനാഥ്. ഇന്ത്യയെ ലോകകപ്പ് മഹത്വത്തിലേക്ക് നയിച്ചതിന് ഒരു വർഷത്തിന് ശേഷം, ഏഷ്യാ കപ്പിന് മുമ്പ് ധോണിയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് പുറത്താക്കാനുള്ള സാധ്യത വന്നപ്പോൾ ബിസിസിയിൽ ഉണ്ടായിരുന്ന പാനൽ അംഗങ്ങൾ ഇതിനെ അനുകൂലിച്ചു.

ഓസ്‌ട്രേലിയയിൽ നടന്ന കോമൺ‌വെൽത്ത് ബാങ്ക് പരമ്പരയ്ക്കിടെ, സെലക്ടർമാരായ മൊഹീന്ദർ അമർനാഥും കൃഷ്ണമാചാരി ശ്രീകാന്തും ഏഷ്യാ കപ്പിനുള്ള ടീമിൽ വിരാട് കോഹ്‌ലിയെ ക്യാപ്റ്റനായി നിയമിക്കണം എന്ന് പറഞ്ഞു. ധോണിയുടെ നേതൃത്വത്തിനെതിരെ വർദ്ധിച്ചുവരുന്ന വിമർശനങ്ങൾക്കിടയിലാണ് ഈ ശുപാർശ നൽകിയത്.

സ്‌പോർട്‌സ് ടക്കിലെ ‘വിക്രാന്ത് അൺഫിൽറ്റർഡ്’ എപ്പിസോഡിൽ, സുബ്രഹ്മണ്യം ബദരീനാഥ് ഈ വിഷയത്തിൽ ധോണി എന്താണ് പറഞ്ഞത് എന്ന് വെളിപ്പെടുത്തി.

“2012 ലെ കോമൺ‌വെൽത്ത് ബാങ്ക് സീരീസിനിടെ ഹൊബാർട്ടിൽ നിന്ന് ബ്രിസ്‌ബേനിലേക്ക് 3-4 മണിക്കൂർ യാത്രയായിരുന്നുവെന്ന് ഞാൻ ഓർക്കുന്നു. വിമാനത്തിൽ എം.എസ്. ധോണിയുടെ അരികിലായിരുന്നു ഞാൻ. ബ്രിസ്‌ബേനിൽ വന്നിറങ്ങിയ ശേഷം ഏഷ്യാ കപ്പ് 2012 ലെ സെലക്ഷൻ മീറ്റിംഗ് ടെലികോൺഫറൻസിൽ പങ്കെടുക്കുമോ, അല്ലെങ്കിൽ അത് ഇതിനകം സംഭവിച്ചിട്ടുണ്ടോ എന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. ‘എന്റെ ദിവസങ്ങൾ കഴിഞ്ഞു, ഇനി ആരാണ് എന്നോട് ചോദിക്കുക? എന്ന് ധോണി മറുപടി നൽകി. ഞാൻ ഞെട്ടിപ്പോയി. അദ്ദേഹം തമാശ പറയുകയാണെന്ന് ഞാൻ കരുതി,” താരം പറഞ്ഞു.

“അടുത്ത ദിവസം മൊഹീന്ദർ അമർനാഥ് അടങ്ങുന്ന സെലക്ഷൻ കമ്മിറ്റി ക്യാപ്റ്റനെ മാറ്റാൻ ആവശ്യപ്പെട്ടതായി ഞാൻ അറിഞ്ഞു. ധോണിയെ പുറത്താക്കി വിരാട് കോഹ്‌ലിക്ക് നായകസ്ഥാനം നൽകാൻ അദ്ദേഹം നിർദ്ദേശിച്ചു. തുടർന്ന് ബിസിസിഐ പ്രസിഡന്റ് എൻ ശ്രീനിവാസൻ ഇടപെട്ട് ആ നിർദ്ദേശം നിരാകരിച്ചു, ഏഷ്യാ കപ്പിൽ ധോണി ക്യാപ്റ്റനായി തുടർന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

“സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനം അറിയിക്കാൻ സെക്രട്ടറി, എൻ ശ്രീനിവാസനെ വിളിച്ചപ്പോൾ, പ്രസിഡന്റിന് നൽകിയ വീറ്റോ അധികാരം അദ്ദേഹം പ്രയോഗിക്കുകയും ടീം ഷീറ്റിൽ ഒപ്പിടാൻ വിസമ്മതിക്കുകയും ചെയ്തു. അതോടെ ധോണി നായകനായി” വാക്കുകൾ അവസാനിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

Read more

എന്തായാലും 2012 ഏഷ്യാ കപ്പ്, 2015 ലോകകപ്പ്, 2016 ടി20 ലോകകപ്പ് എന്നിവയുൾപ്പെടെ പ്രധാനപ്പെട്ട ടൂർണമെന്റിൽ എല്ലാം ധോണി ആണ് ഇന്ത്യൻ ടീമിനെ നയിച്ചത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ത്യ 2013 ൽ ചാമ്പ്യൻസ് ട്രോഫിയും നേടി, മൂന്ന് ഐസിസി വൈറ്റ്-ബോൾ കിരീടങ്ങളും നേടിയ ഏക ക്യാപ്റ്റനായി ധോണി മാറി. 2014 ൽ ധോണി ടെസ്റ്റ് ക്യാപ്റ്റൻസിയിൽ നിന്ന് രാജിവച്ചു, 2017 ജനുവരി വരെ ഇന്ത്യയുടെ വൈറ്റ്-ബോൾ ക്യാപ്റ്റനായി തുടർന്നു.