റഷ്യ- യുക്രെയ്ന്‍ വിഷയത്തില്‍ വീണ്ടും മലക്കം മറിഞ്ഞ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞ കുറച്ചുനാളുകളായി പുടിനുമായി സംസാരം തുടര്‍ന്നിരുന്ന ട്രംപ് യുക്രെയ്‌നെ തള്ളിക്കളഞ്ഞിരുന്നു. റഷ്യ -യുക്രൈന്‍ യുദ്ധത്തില്‍ യുക്രൈനുള്ള ആയുധ സഹായം അമേരിക്ക ഭാഗികമായി മരവിപ്പിച്ചത് യുക്രെയ്‌ന് വന്‍ തിരിച്ചടിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ യുക്രൈന് ആയുധ സഹായം നല്‍കുമെന്ന പ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏവരേയും ഞെട്ടിച്ചിരിക്കുകയാണ്.
അമേരിക്കയുടെ വ്യോമപ്രതിരോധ സംവിധാനമായ പാട്രിയറ്റ് യുക്രൈന് നല്‍കുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കളാഴ്ച റഷ്യയുമായി ബന്ധപ്പെട്ട സുപ്രധാന പ്രഖ്യാപനമുണ്ടാകുമെന്ന് ട്രംപ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുക്രൈനിന് ആവശ്യമായ ആയുധം നല്‍കുന്നത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
പാട്രിയറ്റ് വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ വാഷിംഗ്ടണ്‍ കീവിലേക്ക് അയക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. റഷ്യയ്ക്കെതിരെ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് സൂചന നല്‍കുകയും ചെയ്തു. യുക്രെയ്നിലെ മോസ്‌കോയുടെ അധിനിവേശ യുദ്ധത്തില്‍ റഷ്യന്‍ നേതാവ് വ്ളാഡിമിര്‍ പുടിനോട് ഒരിടവേളയ്ക്ക് ശേഷം വീണ്ടും അതൃപ്തി പ്രകടിപ്പിച്ചാണ് പ്രസിഡന്റ് ട്രംപ് ഒരു മാസത്തിനിടയില്‍ നിലപാടില്‍ മലക്കം മറിഞ്ഞത്..
യുഎസ് പ്രത്യേക പ്രതിനിധി യുക്രെയ്‌നിലേക്കുള്ള തന്റെ യാത്ര ആരംഭിക്കുകയും ട്രംപ് വാഷിംഗ്ടണില്‍ നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടുമായി കൂടിക്കാഴ്ച നടത്താനും നിശ്ചയിച്ചതിനി പിന്നാസലെയാണ് ട്രംപിന്റെ പ്രഖ്യാപനം. യുക്രെയ്‌നിനെതിരായ മോസ്‌കോയുടെ ആക്രമണം മൂന്ന് വര്‍ഷത്തിലേറെയായി തുടരുകയാണ്. ഈ വേനല്‍ക്കാലത്ത് ആക്രമണങ്ങള്‍ ശക്തമാവുമെന്നിരിക്കേയും യുദ്ധം അവസാനിപ്പിക്കാന്‍ യുഎസ് നേതൃത്വത്തിലുള്ള ചര്‍ച്ചകള്‍ ഇതുവരെ ഫലങ്ങളൊന്നും നല്‍കിയിട്ടില്ലെന്നിരിക്കെയുമാണ് യുക്രെയ്‌ന് ആയുധം വാഗ്ദാനം ചെയ്ത് ട്രംപ് എത്തിയത്.
നേരത്തെ യുഎസ് വ്യോമപ്രതിരോധ സംവിധാനത്തില്‍ ഉപയോഗിക്കുന്ന മിസൈലുകള്‍ ഉള്‍പ്പെടെയുള്ള നിര്‍ണായക ആയുധ സഹായം അമേരിക്ക നിര്‍ത്തലാക്കിയതോടെ റഷ്യന്‍ ആക്രമണം ചെറുക്കാനാവാതെ പ്രതിസന്ധിയിലായിരിന്നു യുക്രൈന്‍ സൈന്യം. ഇതിനിടെയിലാണ് ട്രംപിന്റെ പാട്രിയറ്റ് നല്‍കുമെന്ന പുതിയ പ്രഖ്യാപനം. എത്ര എണ്ണം നല്‍കുമെന്ന കാര്യത്തില്‍ ഞാന്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല, പക്ഷേ അവര്‍ക്ക് സംരക്ഷണം ആവശ്യമുള്ളതിനാല്‍ അവര്‍ക്ക് കുറച്ച് നല്‍കാന്‍ തീരുമാനിച്ചുവെന്നാണ് ന്യൂജേഴ്സിയില്‍ ഫിഫ ക്ലബ് ലോകകപ്പ് ഫൈനല്‍ കണ്ട് മടങ്ങുമ്പോള്‍ ജോയിന്റ് ബേസ് ആന്‍ഡ്രൂസില്‍ വെച്ച് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. റഷ്യന്‍ നേതാവില്‍ തനിക്ക് ‘നിരാശ’ ഉണ്ടെന്നും ട്രംപ് ആവര്‍ത്തിച്ചു. പുടിനോടുള്ള അദ്ദേഹത്തിന്റെ നീരസം വര്‍ദ്ധിച്ചുവരികയാണെന്നാണ് ഇത് വ്യക്തമാക്കുന്നത്.
‘പുടിന്‍ ശരിക്കും ഒരുപാട് ആളുകളെ അത്ഭുതപ്പെടുത്തി. അദ്ദേഹം നന്നായി സംസാരിക്കുന്നു, തുടര്‍ന്ന് വൈകുന്നേരം എല്ലാവരെയും കുറ്റപ്പെടുത്തുന്നു,’
Read more
പുടിനെ കഴിഞ്ഞ ആഴ്ചകളില്‍ പ്രകീര്‍ത്തിച്ച ട്രംപാണ് ഇപ്പോള്‍ അസംതൃപ്തനായി മലക്കം മറിഞ്ഞിരിക്കുന്നത്. ഇരു രാജ്യങ്ങള്‍ക്കിടയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ അമേരിക്കയുടെ ശ്രമമുണ്ടായെങ്കിലും വിജയം കണ്ടിരുന്നില്ല. തുടര്‍ന്നാണ് ട്രംപ് യുക്രൈന് ആയുധം നല്‍കുന്നതുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ സമവായത്തിന് തയ്യാറാവാത്ത പുടിനെതിരെ രൂക്ഷ പ്രതികരണമാണ് ട്രംപ് നടത്തിയത്. റഷ്യയ്‌ക്കെതിരേ പുതിയ ഉപരോധമേര്‍പ്പെടുത്തുമെന്ന സൂചനയും ട്രംപ് നല്‍കി.