വനിതാ ടീമിന് വമ്പൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ, ഐസിസിയ്ക്കും മേലെ!

വനിതാ ഏകദിന ലോകകപ്പ് വിജയിച്ച ഇന്ത്യന്‍ ടീമിന് 51 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. ലോകകപ്പ് ജേതാക്കൾക്ക് ഐസിസി നൽകുന്ന തുകയേക്കാൾ വലിയ തുകയാണ് ഇത്. ഇന്ത്യന്‍ താരങ്ങൾക്കു പുറമേ, പരിശീലക സംഘം, സപ്പോർട്ട് സ്റ്റാഫ് എന്നിവർക്കും ഈ തുക വീതിച്ചു നൽകും.

4.48 മില്യൻ യുഎസ് ഡോളറാണ് (ഇന്ത്യൻ രൂപ ഏകദേശം 37.3 കോടി) ലോകകപ്പ് വിജയിക്കുന്ന ടീമിന് സമ്മാനമായി ഐസിസി നൽകുന്നത്. പുരുഷ, വനിതാ ക്രിക്കറ്റ് ലോകകപ്പുകളിൽ ഇതുവരെ നൽകിയിട്ടുള്ളതിൽ ഏറ്റവും വലിയ തുകയാണിത്. 2022 ലെ മുൻ ജേതാക്കളായ ഓസ്‌ട്രേലിയയ്ക്ക് 11 കോടി രൂപ ലഭിച്ചിരുന്നു.

2025 ലെ വനിതാ ലോകകപ്പിനുള്ള ആകെ സമ്മാനത്തുക 116 കോടി രൂപയായിരുന്നു. 2023 ലെ പുരുഷ ലോകകപ്പിന്റെ ആകെ സമ്മാനത്തുക 84 കോടി രൂപയായിരുന്നു. വനിതാ ലോകകപ്പ് വിജയത്തോടെ ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ മാറ്റങ്ങൾക്കാണു തുടക്കമാകുന്നതെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ പ്രതികരിച്ചു. ‘

Read more

‘ഇന്ത്യയെ ലോകകപ്പ് വിജയിപ്പിച്ച് 1983ൽ കപിൽ ദേവ് പുതിയ യുഗത്തിനു തുടക്കമിട്ടു. അതേ രീതിയിലുള്ള ഉയിർപ്പാണ് ഇപ്പോൾ വനിതാ ക്രിക്കറ്റിലും സംഭവിച്ചിരിക്കുന്നത്. അവർ ഇന്ത്യക്കാരുടെ ഹൃദയങ്ങൾ കീഴടക്കി. ഈ വിജയം അടുത്ത തലമുറയിലെ വനിതാ താരങ്ങൾക്കു പ്രചോദനമാകും.’’– സൈകിയ വ്യക്തമാക്കി.