ഏകദിന ലോകകപ്പ്: ഷക്കീബ് അല്‍ ഹസന്‍ പുറത്ത്, ഇടിവെട്ടേറ്റ് ബംഗ്ലാദേശ്

ബംഗ്ലാദേശ് ക്രിക്കറ്റ് ടീം നായകന്‍ ഷാക്കിബ് അല്‍ ഹസന്‍ ലോകകപ്പില്‍നിന്ന് പുറത്ത്. തിങ്കളാഴ്ച നടന്ന ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിനിടെ ഇടത് ചൂണ്ടുവിരലിന് പരിക്കേറ്റതാണ് താരത്തിന് തിരിച്ചടിയായത്. എക്‌സ്-റേയില്‍ താരത്തിന്റെ വിരലിന് ഒടിവുണ്ടെന്ന് സ്ഥിരീകരിച്ചു. ഇതോടെ താരത്തെ ഓസ്‌ട്രേലിയ്‌ക്കെതിരായ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍നിന്ന് താരത്തെ ഒഴിവാക്കി.

പരിക്കില്‍നിന്ന് മുക്തനാക്കാന്‍ താരത്തിന് മൂന്ന് മുതല്‍ നാല് ആഴ്ച വരെ എടുക്കുമെന്നാണ് കണക്കാക്കുന്നത്. പുനരധിവാസം ആരംഭിക്കുന്നതിനായി അദ്ദേഹം ഇന്ന് ബംഗ്ലാദേശിലേക്ക് പോകും.

ലോകകപ്പ് സെമി ഫൈനല്‍ മത്സരത്തില്‍ നിന്ന് ബംഗ്ലാദേശ് ടീം ഇതിനകം പുറത്തായിരുന്നുവെങ്കിലും അവരുടെ ചാമ്പ്യന്‍സ് ട്രോഫി 2025 യോഗ്യതയ്ക്ക് ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരം നിര്‍ണായകമാകും.

മത്സരത്തില്‍ 65 പന്തില്‍ 82 റണ്‍സടിച്ച ഷാക്കിബ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോററും കളിയിലെ താരവുമായിരുന്നു. ഓസ്‌ട്രേലിയക്കെതിരെ ഷക്കീബിന് പകരം നാസും അഹമ്മദോ മെഹ്ദി ഹസനോ കളിക്കുമെന്നാണ് കരുതുന്നത്.