ഇത് അപൂര്‍വ അവസരം, ബംഗ്ലാദേശ് അത് ചെയ്യും; ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കി ഡി.കെ

ബംഗ്ലാദേശിനെതിരായ മൂന്നാമത്തെയും പരമ്പരയിലെ അവസാനത്തെയും പരമ്പരയ്ക്ക് ഒരുങ്ങുന്ന ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ താരം ദിനേഷ് കാര്‍ത്തിക്. മൂന്നാം ഏകദിനത്തെ ബംഗ്ലാദേശേ് ലാഘവത്തോടെ സമീപിക്കില്ലെന്നും തൂത്തുവാരുക തന്നെയായിരിക്കും അവരുടെ ലക്ഷ്യമെന്നും കാര്‍ത്തിക് മുന്നറിയിപ്പ് നല്‍കി.

ഇന്ത്യയെ വൈറ്റ്‌വാഷ് ചെയ്യാന്‍ തന്നെയായിരിക്കും ബംഗ്ലാദേശ് ശ്രമിക്കുക. ഇന്ത്യയെ 3-0നു ഒരു പരമ്പരയില്‍ പരാജയപ്പെടുത്താനുള്ള അവസരം അവര്‍ക്കു എല്ലായ്പ്പോഴും ലഭിക്കുന്നതല്ല. അതുകൊണ്ടു തന്നെ അത്തരമൊരു അപൂര്‍വ്വ അവസരം ലഭിച്ചാല്‍ ബംഗ്ലാദേശ് അതിനു വേണ്ടി നന്നായി ശ്രമിക്കുമെന്നുറപ്പാണ്.

എബാദത്തിനു വിശ്രമം നല്‍കുന്നത് ഒഴിച്ചുനിര്‍ത്തിയാല്‍ അവസാന ഏകദിനത്തിലെ ബംഗ്ലാദേശ് ടീമില്‍ മറ്റു മാറ്റങ്ങളുണ്ടാവാന്‍ ഇടയില്ല. ടെസ്റ്റ് പരമ്പരയില്‍ ബംഗ്ലാദേശ് നിരയില്‍ എബാദത്ത് ഉറപ്പായും കളിക്കും. അതുകൊണ്ടു തന്നെ അദ്ദേഹത്തെ പരമ്പരയില്‍ ഫ്രഷായി നിലനിര്‍ത്തുകയായിരിക്കും ബംഗ്ലാദേശിന്റെ ലക്ഷ്യം- കാര്‍ത്തിക് പറഞ്ഞു.

ഇന്ത്യന്‍ നിരയില്‍ പരിക്കു കാരണം ക്യാപ്റ്റന്‍ രോഹിത് ശര്‍മ മൂന്നാം ഏകദിനത്തില്‍ കളിക്കില്ല. പകരം കെഎല്‍ രാഹുലാണ് ടീമിനെ നയിക്കുക. ദീപക് ചാഹര്‍, കുല്‍ദീപ് സെന്‍ എന്നിവരും പരിക്കിന്റെ പിടിയിലാണ്. മൂന്നാം ഏകദിനത്തിനുള്ള നിരയില്‍ കുല്‍ദീപ് യാദവിനെ ഇന്ത്യ ഉള്‍പ്പെടുത്തിയിട്ടുണ്ട്.