ഏഷ്യാ കപ്പ്: ടീമില്‍ നിര്‍ണായക മാറ്റത്തിന് ഒരുങ്ങി സെലക്ഷന്‍ കമ്മിറ്റി, പ്രഖ്യാപനം ഉടന്‍

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിര്‍ണായക മാറ്റത്തിനൊരുങ്ങി സെലക്ഷന്‍ കമ്മിറ്റി. ഫിറ്റ്‌നസും ഫോമും തെളിയിച്ച ദീപക് ചഹര്‍ സ്റ്റാന്‍ഡ്-ബൈയില്‍ നിന്ന് മെയിന്‍ സ്‌ക്വാഡിലേക്ക് എത്തും. അടുത്ത 24 മണിക്കൂറിനുള്ളില്‍ സെലക്ടര്‍മാര്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളും. സിഎസ്‌കെ ബോളിംഗ് കോച്ചും മുന്‍ ഇന്ത്യന്‍ താരവുമായ ബാലാജി ഇതു സംബന്ധിച്ച സൂചന നല്‍കി കഴിഞ്ഞു.

ന്യൂ ബോളില്‍ വിക്കറ്റ് വീഴ്ത്തുന്നവരെ ടീം ആഗ്രഹിക്കുന്നുവെങ്കില്‍ ലഭ്യമായവരില്‍വെച്ച് കേമന്‍ ചഹറാണെന്നാണ് ബാലാജി പറഞ്ഞത്. ബുംറയും ഷമിയും ഇല്ലെങ്കില്‍ പുതിയ പന്തില്‍ വിക്കറ്റ് വീഴ്ത്തുന്ന ബോളര്‍ ചഹറാണ്. നേരത്തെ വിക്കറ്റുകള്‍ വീഴ്ത്തണമെങ്കില്‍ ചഹറിനെ ടീമിലുള്‍പ്പെടുത്തണം ബാലാജി പറഞ്ഞു.

ഏഷ്യാ കപ്പ് ടീമിനെ ആദ്യം പ്രഖ്യാപിച്ചപ്പോള്‍ ചഹറിനെ പിന്തള്ളി അവേഷ് ഖാനെ സെലക്ടര്‍മാര്‍ തിരഞ്ഞെടുത്തിരുന്നു. ചാഹര്‍ തന്റെ ഫോമും ഫിറ്റ്നസും തെളിയിച്ചിരിക്കുന്നതിനാലാണ് സെലക്ടര്‍മാര്‍ ഇപ്പോള്‍ അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് വീണ്ടും ചിന്തിക്കുന്നത്. ഈയിടെ സമാപിച്ച സിംബാബ്‌വെ പര്യടനത്തില്‍ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്.

Read more

സിംബാബ്വെ പരമ്പര ആരംഭിക്കുന്നതിന് മുമ്പ് ഒരു ഇന്ത്യന്‍ സെലക്ടര്‍ കമ്മിറ്റി അംഗം ചാഹറിന് താളം തിരികെ ലഭിച്ചാല്‍ ഏഷ്യാ കപ്പ് ടീമിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുമെന്ന് പറഞ്ഞിരുന്നു. ഇത് സത്യമാകാന്‍ പോകുന്നെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്.