തീതുപ്പി സിറാജ്, ഒരൊറ്റ ഓവറില്‍ ലങ്കയെ തീര്‍ത്തു, മഴ തോര്‍ന്നപ്പോള്‍ വിക്കറ്റ് മഴ, കൊളംബോയില്‍ ലങ്കാ ദഹനം

ഏഷ്യാ കപ്പ് ഫൈനല്‍ പോരാട്ടത്തില്‍ ഇന്ത്യയ്‌ക്കെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് വന്‍ ബാറ്റിംഗ് തകര്‍ച്ച. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ലങ്ക 6 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 13 റണ്‍സെന്ന നിലയിലാണ്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജാണ് ലങ്കയെ തകര്‍ത്തത്. ഒരോവറിലാണ് സിറാജ് നാല് പേരെ പുറത്താക്കിയത്. ജസ്പ്രീത് ബുംറ ഒരു വിക്കറ്റ് വീഴ്ത്തി.

പാത്തും നിസ്സാങ്ക 2, കുസല്‍ പെരേര 0, സദീര സമരവിക്രമ 0, ചരിത് അസലങ്ക 0, ധനഞ്ജയ ഡി സില്‍വ 4, നായകന്‍ ദസുന്‍ ഷനക 0 എന്നിവരുടെ വിക്കറ്റുകളാണ് ലങ്കയ്ക്ക് നഷ്ടമായത്. നിലവില്‍ കുസല്‍ മെന്‍ഡിസും ദുനിത് വെല്ലലഗെയുമാണ് ക്രീസില്‍.

മഴയെ തുടര്‍ന്ന് 40 മിനിറ്റ് വൈകിയാണ് മത്സരം ആരംഭിച്ചത്. ബംഗ്ലാദേശിനെതിരെ ഇറങ്ങിയ ടീമില്‍ മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. വിരാട് കോഹ്‌ലി, ഹാര്‍ദ്ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, കെ.എല്‍ രാഹുല്‍ എന്നിവര്‍ ടീമില്‍ തിരിച്ചെത്തി. അക്‌സര്‍ പട്ടേലിന് പകരം വാഷിംഗ്ടണ്‍ സുന്ദര്‍ ടീമിലിടം പിടിച്ചു.

ശ്രീലങ്ക പ്ലേയിംഗ് ഇലവന്‍: പാത്തും നിസ്സാങ്ക, കുസല്‍ പെരേര, കുസല്‍ മെന്‍ഡിസ്, സദീര സമരവിക്രമ, ചരിത് അസലങ്ക, ധനഞ്ജയ ഡി സില്‍വ, ദസുന്‍ ഷനക, ദുനിത് വെല്ലലഗെ, ദുഷന്‍ ഹേമന്ത, പ്രമോദ് മധുഷന്‍, മതീശ പതിരണ.

ഇന്ത്യ പ്ലേയിംഗ് ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, കെഎല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്.