അശ്വിനെ തേടി അപൂര്‍വ്വ റെക്കോര്‍ഡ്; മറികടന്നത് ഇതിഹാസങ്ങളെ

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാമത്തെ ടെസ്റ്റില്‍ തകര്‍പ്പന്‍ ജയം നേടിയതിന് പിന്നാലെ ആര്‍ അശ്വിനെ തേടി അപൂര്‍വ്വ റെക്കോര്‍ഡ്. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 300 വിക്കറ്റ് നേടിയ ക്രിക്കറ്റ് താരം എന്ന നേട്ടമാണ് അശ്വിന്‍ സ്വന്തമാക്കിയത്.

ശ്രീലങ്കയുടെ രണ്ടാമത്തെ ഇന്നിങ്‌സില്‍ അവസാന വിക്കറ്റും നേടി ലങ്കയുടെ ശവമഞ്ചത്തില്‍ അവസാന ആണിയും അടിച്ചതോടെയാണ് അശ്വിന്‍ റെക്കോര്‍ഡ് നേട്ടം സ്വന്തമായത്. ലങ്കയുടെ ലഹിരു ഗാമേജയിരുന്നു അശ്വിന്റെ മൂന്നൂറാമത് ഇര. മത്സരം നാല് വിക്കറ്റാണ് അശ്വിന്‍ സ്വന്തമാക്കിയത്.

300 വിക്കറ്റ് തികക്കാന്‍ അശ്വിന് 54 മത്സരങ്ങള്‍ മാത്രമാണ് വേണ്ടിവന്നത്. 56 മത്സരങ്ങളില്‍ നിന്നും 300 വിക്കറ്റ് നേടിയ ഓസ്‌ട്രേലിയന്‍ പേസ് ഇതിഹാസം ഡെന്നിസ് ലില്ലിയെയാണ് അശ്വിന്‍ പിന്നിലാക്കിയത്.

58 മത്സരങ്ങളില്‍ 300 വിക്കറ്റ് നേടിയ ലങ്കന്‍ സ്പിന്നര്‍ മുത്തയ്യ മുരളീധരനാണ് മൂന്നാമത്. 61 മത്സരങ്ങളില്‍ 300 വിക്കറ്റ് നേടി മൂന്ന് പേസ് ഇതിഹാസങ്ങളാണ് പട്ടിയില്‍ മൂന്നാമത്. റിച്ചാര്‍ഡ് ഹാഡ്ലി (ന്യൂസിലന്‍ഡ്), മാല്‍ക്കം മാര്‍ഷല്‍ (വെസ്റ്റ് ഇന്‍ഡീസ്), ഡെയില്‍ സ്റ്റെയിന്‍ (ദക്ഷിണാഫ്രിക്ക) എന്നിവരാണ് അവര്‍.

മത്സരം ഇന്ത്യ ഇന്നിംഗ്‌സിനും 239 റണ്‍സിനാണ് സ്വന്തമാക്കിയത്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് ലീഡായ 405 റണ്‍സിന് മറുപടിയായി ശ്രീലങ്ക രണ്ടാം ഇന്നിംഗ്‌സില്‍ 166 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു.