പന്ത് പൂർണമായി ഫിറ്റായി വന്നാൽ ഉടൻ ഞാൻ അവനെ തല്ലും, അതിൽ ഒരു മാറ്റവും ഇല്ല; പന്തിനെ കുറിച്ച് കപിൽദേവ്

ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് ഡിസംബർ 30 ന് നടന്ന കാർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് സൈഡ്‌ലൈനിൽ തുടരുകയാണ് ഇപ്പോഴും. ജീവൻ തന്നെ നഷ്ടമാകൻ സാധ്യതയുള്ള അപകടമായിരുന്നു എന്നിട്ടും ജീവിതത്തിലേക്ക് തിരിച്ചുവരാൻ സാധിച്ചത് തന്നെ പ്രാർത്ഥനയുടെ ഫലമായിട്ടാണ്. ഇനി കുറച്ചുകാലം എന്തായാലും താരത്തിന് കളിക്കാൻ സാധിക്കില്ല എന്ന കാര്യം ഉറപ്പാണ്, അതിനാൽ തന്നെ പന്ത് തിരിച്ചുവന്നാൽ ഉടനെ താൻ അവനെ താൻ തല്ലുമെന്ന് പറയുകയാണ് കപിൽ ദേവ്.

പന്തിന്റെ അഭാവം ഇന്ത്യൻ ടീമിനെ തളർത്തിയെന്ന് വീഡിയോയിൽ കപിൽ ദേവ് പറഞ്ഞു. കുട്ടികൾ തെറ്റ് ചെയ്യുമ്പോൾ തല്ലാൻ മാതാപിതാക്കൾക്ക് അവകാശമുള്ളതുപോലെ, പന്ത് സുഖം പ്രാപിച്ചതിന് ശേഷം അത് ചെയ്യാൻ കപിൽ ആഗ്രഹിക്കുന്നു.

“എനിക്ക് അവനോട് ഒരുപാട് സ്നേഹമുണ്ട്, അവൻ സുഖം പ്രാപിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, അവൻ പൂർണമായി ഫിറ്റ് ആയാൽ ഉടനെ ഞാൻ അവനെ തല്ലും. അവന്റെ അപകടം കാരണം ടീം മുഴുവൻ തകർന്നു. ഞാൻ അവനെ സ്നേഹിക്കുന്നു, അവൻ എന്ത് വലിയ മണ്ടത്തരമാണ് കാണിച്ചത്? അവൻ കാണിച്ച ആ മണ്ടത്തരം കണ്ടിട്ട് തന്നെയാണ് അവനെ ഞാൻ തല്ലാൻ ആഗ്രഹിക്കുന്നത്.

“ആദ്യത്തെ അനുഗ്രഹം, അവൻ എത്രയും വേഗം തിരിച്ച് വരട്ടെ സർവ്വശക്തൻ അദ്ദേഹത്തിന് നല്ല ആരോഗ്യം നൽകട്ടെ. ആദ്യം അത്, പക്ഷേ അതിനുശേഷം, കുട്ടികൾ തെറ്റ് ചെയ്താൽ അവരെ തല്ലാൻ മാതാപിതാക്കൾക്ക് ഉത്തരവാദിത്തമുണ്ട്, അതുപോലെ ഞാൻ അവനെ തല്ലും” ഇതിഹാസ താരംപറഞ്ഞു.

അപകടത്തിന് ശേഷം പന്ത് നിരവധി ശസ്ത്രക്രിയകൾക്ക് വിധേയനായിട്ടുണ്ട്. അപകടത്തെ തുടർന്ന് കാറിന് തീപിടിച്ചതിനെ തുടർന്ന് ക്രിക്കറ്റ് താരത്തിന് ഒന്നിലധികം പൊള്ളലേറ്റിരുന്നു. 25-കാരൻ ദീർഘനേരം സൈഡ്‌ലൈനിൽ ചെലവഴിക്കാൻ ഒരുങ്ങുകയാണ്. ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) 2023 അദ്ദേഹത്തിന് തീർച്ചയായും നഷ്‌ടമാകും, അതേസമയം ഈ വർഷത്തെ ഒരു ക്രിക്കറ്റ് തിരിച്ചുവരവ് ഉണ്ടാകാനും സാധ്യത കുറവാണ്.