സഞ്ജു സ്‌ഫോടന ശേഷിയുളള ബാറ്റ്‌സ്മാനെന്ന് വാട്ട്‌മോര്‍

മലയാളി താരം സഞ്ജു സാംസണ്‍ അസാമാന്യ പ്രതിഭയുള്ള ക്രിക്കറ്ററാണെന്ന് കേരളാ ക്രിക്കറ്റ് ടീമിന്റ ഓസീസ് പരിശീലകന്‍ ഡേവ് വാട്ട്‌മോര്‍. രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ കുതിപ്പിന് പിന്നില്‍ സഞ്ജുവിന്റെ മിന്നും ഫോം ആണെന്നും അദ്ദേഹം അഭിപ്രയപ്പെട്ടു. വിദര്‍ഭയ്‌ക്കെതിരെ നിര്‍ണായക രഞ്ജി മത്സരത്തിന് മുന്നോടിയായി മൈ ഖേല്‍ ഡോട്ട് കോമുമായി സംസാരിക്കുകയായിരുന്നു മുന്‍ ഓസീസ് താരം കൂടിയായ വാട്ട്‌മോര്‍.

“സ്‌ഫോടന ശേഷിയുള്ള താരമാണ് സഞ്ജു. സഞ്ജുവിനെപ്പോലുള്ള താരങ്ങളുടെ സാന്നിധ്യം എതിരാളികളുടെ മുട്ടിടിപ്പിക്കും. ഈ സീസണില്‍ പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ചവയ്ക്കാന്‍ സഞ്ജുവിനായി. കൃത്യമായ പ്ലാനിങ്ങോടെ ഓരോ മത്സരത്തിലും ബാറ്റു വീശിയ സഞ്ജുവിന് കേരളത്തെ ചരിത്രത്തിലാദ്യമായി രഞ്ജി ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിച്ചതില്‍ വലിയ ക്രെഡിറ്റ് അവകാശപ്പെടാനാവും” വാട്‌മോര്‍ പറയുന്നു.

രഞ്ജിയില്‍ കേരളത്തിന്റെ മികച്ച പ്രകടനത്തിന്റെ ക്രെഡിറ്റ് തനിക്കല്ലെന്നും സീസണിലെ മികച്ച പ്രകടനത്തിന്റെ മുഴുവന്‍ ക്രെഡിറ്റും ടീമിലെ താരങ്ങള്‍ക്കുള്ളതാണെന്നും അദ്ദേഹം പറയുന്നു.

ടീമിന് വേണ്ടി വലുതായൊന്നും താന്‍ ചെയ്തിട്ടില്ല. കളിക്കാരുടെ അര്‍പ്പണ മനോഭാവത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമാണ് ഇപ്പോള്‍ ലഭിക്കുന്നത്. കളിക്കാര്‍ ആവശ്യപ്പെടുന്ന സഹായങ്ങള്‍ താനടക്കമുള്ള ടീം മാനേജ്മന്റ് ഒരുക്കുന്നുവെന്ന് മാത്രം. വാട്ട്‌മോര്‍ പറയുന്നു.

ഈ വര്‍ഷം വാട്ട്‌മോര്‍ കേരള ടീം പരിശീലകനായി സ്ഥാനമേറ്റ ശേഷം സ്വപ്നസമാനമായ കുതിപ്പാണ് ടീം നടത്തുന്നത്. നേരത്തെ ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്ഥാന്‍, സിംബാബ്വെ തുടങ്ങിയ അന്താരാഷ്ട്ര ടീമുകളെയും വാട്ട്‌മോര്‍ പരിശീലിപ്പിച്ചിട്ടുണ്ട്.