മര്യാദയെങ്കില്‍ മര്യാദ, ഇല്ലെങ്കില്‍ കടക്ക് പുറത്ത്..; ജയ്‌സ്വാളിനെ പുറത്താക്കിയതില്‍ രഹാനെ

വെസ്റ്റ്-സൗത്ത് സോണുകള്‍ തമ്മിലുള്ള ദുലീപ് ട്രോഫി ഫൈനലിന്റെ അഞ്ചാം ദിവസം വെസ്റ്റ് സോണ്‍ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ യുവതാരം യശസ്വി ജയ്സ്വാളിനെ അച്ചടക്ക പ്രശ്നങ്ങളെ തുടര്‍ന്ന് കളത്തില്‍ നിന്ന് പുറത്താക്കിയിരുന്നു. ബാറ്ററെ സ്ലെഡ്ജ് ചെയ്തതിനെ അമ്പയര്‍ വാണിംഗ് ചെയ്തിട്ടും വീണ്ടും ആവര്‍ത്തിച്ചതാണ് താരത്തെ പുറത്തക്കാന്‍ രഹാനെയെ പ്രേരിപ്പിച്ചത്. ഇപ്പോള്‍ ഇതില്‍ വിശദീകരണം നല്‍കിയിരിക്കുകയാണ് താരം.

‘നിയമം പിന്തുടരേണ്ടതുണ്ട്. കളിയേയും എതിരാളിയേയും അമ്പയര്‍മാരേയും ബഹുമാനിക്കണം. എതിരാളികളേയും അമ്പയര്‍മാരേയും ഒഫീഷ്യലുകളേയുമെല്ലാം ബഹുമാനിക്കണം എന്നാണ് ഞാന്‍ എല്ലായ്പ്പോഴും വിശ്വസിക്കുന്നത്. അത് സാധ്യമല്ലെങ്കില്‍ ഗ്രൗണ്ടില്‍ നിന്ന് പുറത്ത് പോവുക. അതാണ് എന്റെ മന്ത്രം’ രഹാനെ വ്യക്തമാക്കി.

മത്സരത്തിനിടെ, ജയ്സ്വാളും രവി തേജയും രൂക്ഷമായ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. അമ്പയര്‍മാരും ഇടപെട്ടതോടെ രഹാനെ വേഗം ഓടി രംഗം ശാന്തമാക്കി. രഹാനെ യുവതാരത്തെ ഒപ്പം കൂട്ടി സമാധാനിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍, ജയ്സ്വാളിന്റെ സ്ലെഡ്ജിംഗ് തുടര്‍ന്നു.

ഒടുവില്‍ താരത്തെ കളത്തില്‍ നിന്ന് പുറത്താക്കാന്‍ രഹാനെ നിര്‍ബന്ധിതനായി. ക്യാപ്റ്റന്റെ തീരുമാനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച യശസ്വി, മൈതാനം വിടുമ്പോഴും പിറുപിറുക്കുന്നുണ്ടായിരുന്നു.