ഔട്ട് ആയി കഴിഞ്ഞിട്ടും ആരും കാണാതെ എസ്‌കേപ്പ് ആയി എന്നറിഞ്ഞപ്പോൾ അയാളുടെ മുഖത്ത് വിരിഞ്ഞ ചിരിയുണ്ട്, വിക്കറ്റ് കീപ്പര്ക്ക് ഒരു നിമിഷം കാഴ്ച നഷ്ടപ്പെട്ട അവസ്ഥ; അപൂർവങ്ങളിൽ അപൂർവഭാഗ്യം

K Nandakumar Pillai 
 lucky Escape of a Batsman
തേർഡ് അമ്പയറും ഡി ആർ എസ്സും നിലവിൽ വന്ന ശേഷം, നൂറു ശതമാനം അല്ലെങ്കിലും, അമ്പയർമാർ എടുക്കുന്ന തെറ്റായ തീരുമാനങ്ങളുടെ എണ്ണത്തിൽ നന്നേ കുറവ് വന്നിട്ടുണ്ട്. ബാറ്റിൽ തട്ടാത്ത ക്യാച്ചുകൾ, ബാറ്റിൽ തട്ടിയ എൽ ബി ഡബ്‌ള്യൂകൾ, ബാറ്റിൽ തട്ടിയിട്ടും നിഷേധിക്കപ്പെട്ട ക്യാച്ചുകൾ, കൃത്യമായ ലൈനിൽ ആയിട്ടും നിഷേധിക്കപ്പെട്ട എൽ ബി ഡബ്‌ള്യൂകൾ അങ്ങനെ അങ്ങനെ എത്ര പിഴച്ച തീരുമാനങ്ങൾ. ക്രിക്കറ്റ് ചരിത്രമെടുത്താൽ അമ്പയർമാർ അറിഞ്ഞു കൊണ്ടോ അറിയാതെയോ വരുത്തിയ പിഴവുകളുടെ നീണ്ട ലിസ്റ്റ് തന്നെ നമുക്ക് കാണാനാകും.

എന്നാൽ, ബാറ്റ്സ്മാൻ ഔട്ട് ആയിട്ടും ഫീൽഡർമാരോ അമ്പയർമാരോ കാണാത്തത് കൊണ്ട് മാത്രം രക്ഷപെട്ട സംഭവങ്ങളും അപൂർവമായി ഉണ്ടായിട്ടുണ്ട്. ഇന്ത്യ – ഓസ്ട്രേലിയ മാച്ചിൽ നടന്ന അത്തരമൊരു സംഭവത്തെക്കുറിച്ചാണ് ഈ പോസ്റ്റ്.

1986 ജനുവരി 31. മെൽബണിൽ ഇന്ത്യയും ഓസ്‌ട്രേലിയയും ഏറ്റു മുട്ടുന്നു. ക്രീസിൽ ഇന്ത്യൻ ബാറ്റ്സ്മാൻ കൃഷ്ണമാചാരി ശ്രീകാന്ത്. ഓസ്‌ട്രേലിയൻ ബൗളർ മക്ഡർമോട്ട് തന്റെ പന്ത് ഓഫ് സ്റ്റമ്പിന് വെളിയിലേക്ക് സ്വിങ് ചെയ്യിക്കുന്നു. ഫ്രണ്ട് ഫൂട്ടിലേക്ക് കയറി ബാറ്റുയർത്തി, ഒരു കാൽ ക്രീസിലും മറ്റേ കാൽ പുറത്തുമായി, ശ്രീകാന്ത് പന്ത് ലീവ് ചെയ്യുന്നു. ബാറ്റ് താഴ്ത്തി തിരിച്ച് ക്രീസിലേക്ക് കയറിയ ശ്രീകാന്തിന് പിഴച്ചു. പുറകിലേക്ക് വീശിയ ബാറ്റ് സ്റ്റമ്പിൽ തട്ടി, ബെയ്‌ൽസ്‌ താഴെ വീണു.

കമന്റേറ്റർ ബില് ലൗറി കൃത്യമായി അത് കണ്ടിരുന്നു. അദ്ദേഹം അത് വിളിച്ചു പറഞ്ഞെങ്കിലും ഫീൽഡർമാരോ അമ്പയർമാരോ അത് കണ്ടില്ല. പിന്നീട് ബെയ്‌ൽസ്‌ താഴെ വീണു കിടക്കുന്നത് അവർ ശ്രദ്ധിച്ചെങ്കിലും, വീണ്ടും അപ്പീൽ ചെയ്യാൻ തേർഡ് അമ്പയർ സംവിധാനം ഉള്ള കാലമല്ലല്ലോ അന്ന്.. ശ്രീകാന്തിന്റെയും ഇന്ത്യയുടേയും ഭാഗ്യം. മത്സരത്തിൽ ശ്രീകാന്ത് 27 റൺസ് നേടി. ഗാവസ്‌കർ 72 ഉം വെങ്‌സര്കാര് 77* ഉം നേടിയ ആ മത്സരം ഇന്ത്യ 6 വിക്കറ്റിന് ജയിച്ചു.

ഇവിടെ, ഉത്തരമില്ലെങ്കിലും, പ്രസക്തമായ രണ്ടു ചോദ്യങ്ങളുണ്ട്.
ഒന്ന്, ഔട്ട് ആണെന്ന് അറിഞ്ഞിട്ടും ബാറ്റിംഗ് തുടർന്ന ശ്രീകാന്തിന്റെ നടപടി ധാർമികമായി ശെരിയാണോ.. വ്യക്തിപരമായി, ഞാൻ ശ്രീകാന്തിനൊപ്പമാണ്. കാരണം, ക്രിക്കറ്റ് ഗ്രൗണ്ടിൽ ധാര്മികതക്ക് വല്യ പ്രാധാന്യം കൊടുക്കുന്നവരല്ല ഓസ്ട്രലിയക്കാർ.

രണ്ട്, വിക്കറ്റ് കീപ്പർ വെയ്ൻ ഫിലിപ്സ് എന്ത് ചെയ്യുകയായിരുന്നു. തീർച്ചയായും അത് ശ്രദ്ധിക്കേണ്ടിയിരുന്ന ആൾ കീപ്പറാണ്.

കടപ്പാട്: ക്രിക്കറ്റ് കാർണിവൽ