‘മോനെ, ഞാന്‍ രാജ്യാന്തര ക്രിക്കറ്റില്‍ സെഞ്ച്വറികള്‍ നേടുമ്പോള്‍ നീ ജനിച്ചിട്ടില്ല’; അഫ്ഗാന്‍ യുവതാരത്തോട് കയര്‍ത്ത് അഫ്രീദി

Advertisement

കളിക്കളത്തിലും പുറത്തും വാക്കുകള്‍ കൊണ്ട് താരങ്ങളെ പ്രകോപിപ്പിക്കുന്നതില്‍ വിരുതനാണ് പാകിസ്ഥാന്‍ താരം ഷാഹിദ് അഫ്രീദി. തന്റെ നാല്‍പ്പതാം വയസിലും ആ ശൈലി മാറ്റാന്‍ അഫ്രീദി തയ്യാറായിട്ടില്ല. ഇപ്പോഴിതാ പ്രഥമ ലങ്കന്‍ പ്രീമിയര്‍ ലീഗില്‍ അഫ്ഗാന്‍ യുവതാരവുമായി കൊമ്പു കോര്‍ത്തിരിക്കുകയാണ് അഫ്രീദി.

പാക് താരം മുഹമ്മദ് അമീറിനോട് അഫ്ഗാന്‍ യുവതാരം നവീന്‍ ഉള്‍ ഹഖ് മോശമായി പെരുമാറിയതാണ് അഫ്രീദിയെ പ്രകോപിപ്പിച്ചത്. കാന്‍ഡി ടസ്‌കേഴ്സിന്റെ താരമാണ് നവീന്‍ ഉള്‍ ഹഖ്. മുഹമ്മദ് അമീറും, ഷാഹിദ് അഫ്രീദിയും ഗോള്‍ ഗ്ലാഡിയേറ്റേഴ്സിന്റെ താരങ്ങളാണ്. 18ാം ഓവറില്‍ നവീനെതിരെ അമീര്‍ ബൗണ്ടറി നേടി. ഇതിന് പിന്നാലെ നവീന്‍ അമീറിന് നേര്‍ക്ക് പ്രകോപനവുമായി എത്തി.

കളിക്ക് ശേഷം ടീം അംഗങ്ങള്‍ പരസ്പരം ഹസ്തദാനം നല്‍കുമ്പോഴാണ് അഫ്രീദി ഇതിന്റെ കലിപ്പ് തീര്‍ത്തത്. ‘മോനെ, ഞാന്‍ രാജ്യാന്തര ക്രിക്കറ്റില്‍ സെഞ്ച്വറികള്‍ നേടുമ്പോള്‍ നീ ജനിച്ചിട്ടില്ല’ എന്നാണ് അഫ്രീദി അവിടെ നവീന് മറുപടി നല്‍കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

മത്സരത്തില്‍ കാന്‍ഡി ‍ടസ്‌കേഴ്സ് 25 റണ്‍സിന് അഫ്രീദിയുടെ ടീമിനെ പരാജയപ്പെടുത്തി. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ 20 ബോളില്‍ ഫിഫ്റ്റി നേടി അഫ്രീദി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ആ മത്സരത്തിലും അഫ്രീദിയുടെ ടീം തോറ്റിരുന്നു.