വിരാട് കോഹ്ലിയുടെ വിരമിക്കലില്‍ വിശ്വസിക്കാനാവാതെയും ഞെട്ടിയും രംഗത്തെത്തുകയാണ് മുന്‍ താരങ്ങള്‍. സോഷ്യല്‍ മീഡിയ പേജിലൂടെയായിരുന്നു 14 വര്‍ഷത്തെ ടെസ്റ്റ് കരിയര്‍ അവസാനിപ്പിച്ചതായി കോഹ്ലി ഇന്ന് അറിയിച്ചത്. വിരമിക്കലിന് പിന്നാലെ കോഹ്ലിക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്ന് ആര്‍സിബിയില്‍ ടീംമേറ്റ് ആയിരുന്ന എബിഡിവില്ലിയേഴ്‌സ് എത്തിയിരുന്നു. ഹൃദയസ്പര്‍ശിയായ കുറിപ്പുമായാണ് എബിഡി എത്തിയത്. “ഇതിഹാസ ടെസ്റ്റ് ക്രിക്കറ്റ് കരിയറിന് എന്റെ ബിസ്‌കോട്ടിക്ക് അഭിനന്ദനങ്ങള്‍. നിങ്ങളുടെ ദൃഢനിശ്ചയവും കഴിവും എന്നെ എപ്പോഴും പ്രചോദിപ്പിച്ചിട്ടുണ്ട്. യഥാര്‍ത്ഥ ഇതിഹാസം” എന്നാണ് എബിഡിവില്ലിയേഴ്‌സ് കുറിച്ചത്.
ഐപിഎലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനായി വര്‍ഷങ്ങളോളം ഒരുമിച്ച് കളിച്ച താരങ്ങളാണ് കോഹ്ലിയും ഡിവില്ലിയേഴ്‌സും. ഇരുവരും ഒരുമിച്ചുളള ബാറ്റിങ് കൂട്ടുകെട്ടുകളെല്ലാം വലിയ കാഴ്ചവിരുന്നാണ് ആരാധകര്‍ക്ക് സമ്മാനിച്ചിട്ടുളളത്. ഇപ്പോള്‍ പ്രിയ സുഹൃത്ത് വിരമിച്ചപ്പോള്‍ എബിഡിയുടേതായി വന്ന കുറിപ്പും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.
123 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച വിരാട് കോഹ്ലി 9230 റണ്‍സാണ് തന്റെ കരിയറില്‍ നേടിയിട്ടുളളത്. 46.85 ശരാശരിയില്‍ 30 സെഞ്ച്വറികളും അദ്ദേഹം നേടി. 2010-2019 സമയത്ത് ഇന്ത്യയുടെ എറ്റവും വിജയകരമായ ബാറ്ററായാണ് അദ്ദേഹം അറിയപ്പെടുന്നത്. ഈ സമയത്ത് കൂടുതല്‍ റണ്‍സ് നേടിയവരില്‍ മൂന്നാമതാണ് കോഹ്ലിയുളളത്. 7202 റണ്‍സ് 54.97 ശരാശരിയില്‍ ഈ കാലഘട്ടത്തില്‍ താരം നേടി. 27 സെഞ്ച്വറികളും ഈ സമയത്ത് തന്നെയാണ് വിരാട് നേടിയിട്ടുളളത്.