INDIAN CRICKET: ഇങ്ങനെ കരയിക്കാതെ ജയ്‌സ്വാൾ, കോഹ്‌ലിയുടെ വിരമിക്കലിന് പിന്നാലെ യുവ താരത്തിന്റെ കുറിപ്പ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

“അങ്ങനെ ആ അദ്ധ്യായം മനോഹരമായി അവസാനിച്ചു” വിരാട് കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതലായി കണ്ട വാചകമാണിത്. അതെ 30 ടെസ്റ്റ് സെഞ്ചുറിയും 31 അർദ്ധ സെഞ്ചുറിയും 7 ഇരട്ട സെഞ്ചുറിയും ഉൾപ്പടെ 9230 ടെസ്റ്റ് റൺസ് നേടിയ ആ ടെസ്റ്റ് കരിയർ അത്ര മനോഹരം തന്നെ ആയിരുന്നു.

എന്തായാലും വിരാട് കോഹ്‌ലിയുടെ വിരമിക്കൽ വാർത്തക്ക് പിന്നാലെ ക്രിക്കറ്റ് ലോകത്തെ പ്രമുഖരും ആരാധകരും താരത്തിന് നന്ദിയും അഭിനന്ദനവും നൽകിയിരിക്കുകയാണ്. ഇതിൽ ഇന്ത്യയുടെ യുവതാരം യശ്വസി ജയ്‌സ്വാളിന്റെ കുറിപ്പും അതിലെ വാചകവും ശ്രദ്ധ നേടുകയാണ്. രോഹിത്തിനും കോഹ്‌ലിക്കും നന്ദി പറഞ്ഞ അദ്ദേഹം പറഞ്ഞത് ഇങ്ങനെ:

“പാജി, നിങ്ങളും രോഹിത് ഭായിയെയും കളിക്കുന്നത് കണ്ടാണ് ഞാൻ വളർന്നത്. ആ ഇന്ത്യൻ ജേഴ്‌സിയിൽ നിങ്ങളെ രണ്ടുപേരെയും കണ്ട നിമിഷം മുതൽ ഒരു ദിവസം അങ്ങനെ ആകുമെന്ന് ഞാൻ സ്വപ്നം കണ്ടു. നിങ്ങൾ രണ്ടുപേരും എനിക്ക് മാത്രമല്ല, നിങ്ങൾ കളിയോട് കൊണ്ടുവന്ന അഭിനിവേശവും തീവ്രതയും കാരണം ക്രിക്കറ്റിനെ സ്നേഹിച്ച ഒരു തലമുറയ്ക്ക് മുഴുവൻ പ്രചോദനമായി. ടെസ്റ്റ് ക്രിക്കറ്റിലും ഇന്ത്യയിലെ മുഴുവൻ ക്രിക്കറ്റിലും നിങ്ങൾ ചെലുത്തിയ സ്വാധീനം അളക്കാനാവാത്തതാണ്. വർഷങ്ങളായി ഞാൻ ആരാധിച്ചിരുന്ന ഒരാളുമായി പിച്ച് പങ്കിടാൻ അവസരം ലഭിച്ചത് ഒരു പദവി മാത്രമല്ല; അത് ഞാൻ എന്നേക്കും എന്നോടൊപ്പം കൊണ്ടുപോകുന്ന ഒരു നിമിഷം ആയിരിക്കും.” ജയ്‌സ്വാൾ കുറിച്ചു.

എന്തായാലും രോഹിതും കോഹ്‌ലിയും ഒന്നും ഇല്ലാത്ത ടെസ്റ്റ് ക്രിക്കറ്റിൽ ജയ്‌സ്വാൾ അടക്കമുള്ള യുവതാരങ്ങൾക്ക് ഉത്തരവാദിത്വം കൂടുമെന്ന് തന്നെ പറയാം.