ധീരമായ പരിശ്രമം, പക്ഷെ ഭാഗ്യമില്ലാതെ പോയി; സഞ്ജുവിന് സെവാഗിന്റെ പ്രശംസ

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിന മത്സരത്തിലെ സഞ്ജു സാംസണിന്റെ വീരോചിത ഇന്നിംഗ്സിനെ വാഴ്ത്തി ഇന്ത്യന്‍ മുന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. മല്‍സരത്തില്‍ ഇന്ത്യ ഒമ്പതു റണ്‍സിനു പൊരുതിവീണപ്പോള്‍ 86 റണ്‍സെടുത്ത് പുറത്താകാതെ സഞ്ജു ക്രീസിലുണ്ടായിരുന്നു. ആറാം നമ്പറില്‍ ഇറങ്ങിയായിരുന്നു താരത്തിന്റെ ഉജ്ജ്വല പ്രകടനം.

‘സഞ്ജു സാംസണിന്റെ ധീരമായ പരിശ്രമമായിരുന്നു അത്. ഭാഗ്യമില്ലാതെ പോയി, പക്ഷെ വളരെ ഉയര്‍ന്ന നിലവാരമുള്ള ഇന്നിംഗ്സായിരുന്നു ഇത്’ സെവാഗ് ട്വിറ്ററില്‍ കുറിച്ചു.

വളരെ നന്നായി കളിച്ചു സഞ്ജു സാംസണ്‍. മല്‍സരം ജയിക്കാന്‍ കഴിയാതെ പോയതില്‍ ഹാര്‍ഡ് ലക്കെന്നായിരുന്നു ഇര്‍ഫാന്‍ പഠാന്‍ ട്വിറ്ററില്‍ കുറിച്ചത്.

ടോപ് സ്റ്റഫ് സഞ്ജു സാംസണ്‍, ഏറെക്കുറെ നമുക്ക് അരികിലേക്ക് മല്‍സരത്തെ അടുപ്പിച്ചു. മുന്നോട്ടുള്ള പ്രയാണത്തില്‍ ടീം ഇന്ത്യക്കു ആശംസകള്‍ നേരുകയാണ്. വളരെ നന്നായി കളിച്ചുവെന്നായിരുന്നു ഹര്‍ഭജന്‍ സിംഗിന്റെ പ്രശംസ.