സ്വര്‍ണക്കൈയുള്ള ബോളര്‍, പക്ഷേ ലോകകപ്പില്‍ ഇന്ത്യക്ക് തലവേദനയാകും; മുന്നറിയിപ്പുമായി ഉത്തപ്പ

ലോകകപ്പില്‍ ശാര്‍ദ്ദുല്‍ താക്കൂറിനെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തുന്നതിലെ ആശങ്ക പങ്കുവെച്ച് ഇന്ത്യന്‍ മുന്‍ താരം റോബിന്‍ ഉത്തപ്പ. നിര്‍ണായക ഘട്ടങ്ങളില്‍ താരം വിക്കറ്റ് വീഴ്ത്തുമെങ്കിലും താരം വഴങ്ങുന്ന റണ്ണുകള്‍ ലോകകപ്പില്‍ ഇന്ത്യക്ക് തലവേദനയാകുമെന്ന് ഉത്തപ്പ മുന്നറിയിപ്പ് നല്‍കി.

ശാര്‍ദ്ദുല്‍ ഏത് സാഹചര്യത്തിലും വിക്കറ്റെടുക്കുന്ന ബോളറാണ്. പക്ഷെ അതുപോലെ റണ്‍സും വഴങ്ങും. ലോകകപ്പ് പോലെ വലിയൊരു ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് അത് വലിയ ആശങ്കയാണ്. ശാര്‍ദ്ദുല്‍ ലോകോത്തര ബോളറും നിര്‍ണായക ഘട്ടങ്ങളില്‍ വിക്കറ്റ് വീഴ്ത്തുകയുമെല്ലാം ചെയ്യും. പക്ഷെ അവന്‍ വഴങ്ങുന്ന റണ്ണുകള്‍ ലോകകപ്പില്‍ ഇന്ത്യക്ക് തലവേദനയാവാനിടയുണ്ട്. അക്കാര്യത്തില്‍ ഷാര്‍ദ്ദുല്‍ ശ്രദ്ധിച്ചേ മതിയാകു.

വിക്കറ്റെടുക്കുമ്പോല്‍ ശാര്‍ദ്ദുലിന്റെ ബോളിംഗ് മികച്ചതായിരിക്കുമെങ്കിലും വിക്കറ്റെടുക്കാത്ത മത്സരങ്ങളില്‍ അത് അങ്ങനെ ആയിരിക്കണമെന്നില്ല. ചെന്നൈ സൂപ്പര്‍ കിംഗ്‌സിലായിരുന്നപ്പോള്‍ നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തുന്നതില്‍ മികവ് കാട്ടിയിട്ടുള്ള ഷാര്‍ദ്ദുലിനെ ഞങ്ങള്‍ സ്വര്‍ണക്കൈയുള്ള ബോളറെന്നാണ് വിശേഷിപ്പിക്കാറുള്ളത്. ഇന്ത്യന്‍ ടീമിലും ശാര്‍ദ്ദുലിന്റെ റോള്‍ അത് തന്നെയായിരിക്കും- ഉത്തപ്പ പറഞ്ഞു.

ലോകകപ്പിലെ സൂപ്പര്‍ പോരാട്ടങ്ങള്‍ക്ക് ഒക്ടോബര്‍ 5ന് തുടക്കമാകും. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും റണ്ണറപ്പുകളായ ന്യൂസീലന്‍ഡും തമ്മിലാണ് ആദ്യ മത്സരം. ഇതിനോടകം ടീമുകളെല്ലാം ഇന്ത്യയിലേക്ക് എത്തിയിട്ടുണ്ട്.