'കളി തിരിച്ചത് ഒരു സിക്‌സ്; പക്ഷേ,ബാറ്ററുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്ക',തുറന്ന് പറഞ്ഞ് യുവ നായകന്‍

ടി20 ക്രിക്കറ്റ് ലോക കപ്പിലെ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ വെസ്റ്റിന്‍ഡീസിന് നിര്‍ണായകമായത് ക്യാപ്റ്റന്‍ കെയ്‌റണ്‍ പൊള്ളാര്‍ഡിന്റെ ലാസ്റ്റ് ബോള്‍ സിക്‌സ് എന്ന് താത്കാലിക നായകന്‍ നിക്കോളസ് പൂരന്‍. എന്നാല്‍ ബാറ്റിംഗിനിടെ റിട്ടയേര്‍ഡ് ഹര്‍ട്ടാവുകയും ഫീല്‍ഡിംഗിനിടെ കരകയറുകയും ചെയ്ത പൊള്ളാര്‍ഡിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് വെളിപ്പെടുത്താന്‍ പൂരന്‍ തയാറായില്ല. നിര്‍ണായകമായ സൂപ്പര്‍ 12 ഒന്നാം ഗ്രൂപ്പ് മുഖാമുഖത്തില്‍ മൂന്ന് റണ്‍സിനായിരുന്നു വിന്‍ഡീസിന്റെ ജയം. വിന്‍ഡീസ് ഇന്നിംഗ്‌സിന് ഇടയ്ക്ക് തിരിച്ചുകയറിയ പൊള്ളാര്‍ഡ് 20-ാം ഓവറില്‍ ക്രീസിലേക്ക് മടങ്ങിയെത്തി അവസാന പന്തില്‍ മുസ്താഫിസുര്‍ റഹമാനെ സിക്‌സിന് പറത്തിയിരുന്നു.

പൊള്ളാര്‍ഡിന് ആരോഗ്യ പ്രശ്‌നമൊന്നുമില്ലെന്നാണ് തോന്നുന്നത്. മെഡിക്കല്‍ ടീം അദ്ദേഹവുമായി ആശയവിനിമയം നടത്തുന്നുണ്ട്. പൊള്ളാര്‍ഡ് അതിശയിപ്പിക്കുന്ന ക്യാപ്റ്റനാകുന്നത് എന്തുകൊണ്ടെന്ന് നിങ്ങള്‍ക്ക് മനസിലാക്കാനാവും. ക്രീസില്‍ തിരിച്ചുവന്ന് അവസാന പന്തില്‍ സിക്‌സ് പറത്തി. ഭാവിയില്‍ അദ്ദേഹത്തെ പോലെ ആകാന്‍ ശ്രമിക്കണം- പൂരന്‍ പറഞ്ഞു.

Read more

കളിക്കാരെ കൈകാര്യം ചെയ്യുകയെന്നത് പ്രയാസകരമായ കാര്യമാണ്. പക്ഷേ, ടീമംഗങ്ങള്‍ എനിക്ക് നല്ല പിന്തുണ നല്‍കി. എങ്കിലും എല്ലാ ക്യാച്ചുകളും എടുക്കാന്‍ സാധിച്ചില്ല. അപ്പോഴും കളി ജയിക്കാന്‍ സാധിക്കുമെന്ന വിശ്വാസമുണ്ടായിരുന്നു. മത്സരത്തിന്റെ അവസാനം പരിചയസമ്പന്നതയിലാണ് വിശ്വാസം അര്‍പ്പിച്ചതെന്നും പൂരന്‍ കൂട്ടിച്ചേര്‍ത്തു.