കളിച്ചത് 12 ഇന്നിംഗ്സ്, സഞ്ജു ഇപ്പോള്‍ കോഹ്‌ലിയേക്കാള്‍ മുന്നില്‍!

വിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ നിരാശപ്പെടുത്തിയെങ്കിലും മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ച്വറിയോടെ കളംപിടിച്ചിരിക്കുകയാണ് സഞ്ജു സാംസണ്‍. 41 ബോളുകള്‍ നേരിട്ട സഞ്ജു നാലു സിക്‌സും രണ്ടു ഫോറുമടക്കം 51 റണ്‍സ് അടിച്ചെടുത്തു. ഏകദിന കരിയറില്‍ സഞ്ജുവിന്റെ ഏറ്റവും വേഗമേറിയ അര്‍ദ്ധ സെഞ്ച്വറി കൂടിയായിരുന്നു ഈ മല്‍സരത്തിലേത്.

രണ്ടാം ഏകദിനത്തില്‍ വണ്‍ഡൗണായി ഇറങ്ങിയ സഞ്ജു മൂന്നാം ഏകദിനത്തില്‍ നാലാം നമ്പരിലാണ് ഇറങ്ങിയത്. ആ മാറ്റം സഞ്ജുവിന് ഭാഗ്യം കൊണ്ടുവന്നു. നിലവില്‍ 12 ഇന്നിംഗ്സുകളാണ് ഏകദിനത്തില്‍ സഞ്ജു ഇതുവരെ ഇന്ത്യയ്ക്കായി കളിച്ചിരിക്കുന്നത്. ഇത് പരിശോധിച്ചാല്‍ വിരാട് കോഹ്‌ലിയിലേക്കാള്‍ മികച്ച പ്രകടനമാണ് സഞ്ജു കാഴ്ചവയ്ക്കുന്നതെന്ന് മനസിലാകും.

സ്‌കോര്‍ ചെയ്തിരിക്കുന്ന റണ്‍സില്‍ മാത്രമല്ല ബാറ്റിംഗ് ശരാശരി, സ്ട്രൈക്ക് റേറ്റ് എന്നിവയിലും സഞ്ജുവിനേക്കാള്‍ വളരെ പിന്നിലാണ് കോഹ്‌ലി. കളിച്ച 12 ഇന്നിംഗ്‌സുകളില്‍നിന്നും 390 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. ഒപ്പം ബാറ്റിംഗ് ശരാശരി 55.71 ഉം സ്ട്രൈക്ക് റേറ്റ് 104ഉം ആണ്.

ആദ്യ 12 ഇന്നിംഗ്‌സുകളില്‍ 377 റണ്‍സാണ് കോഹ്‌ലി നേടിയത്. ബാറ്റിംഗ് ശരാശരി 37.70ഉം സ്ട്രൈക്ക് റേറ്റ് 73.92ഉം ആയിരുന്നു. അര്‍ദ്ധ സെഞ്ച്വറിയുടെ കാര്യത്തില്‍ മൂന്നെണ്ണവുമായി ഇരുവരും ഒപ്പത്തിനൊപ്പമാണ്.