യുഎഇയില്‍ കാലാവസ്ഥ മോശം, കടലിനടുത്തേക്ക് പോകരുതെന്ന് ജാഗ്രതാ നിര്‍ദ്ദേശം

യുഎഇയില്‍ ശനിയാഴ്ച മുതല്‍ ആരംഭിച്ച മഴയും ആലിപ്പഴ വീഴ്ച്ചയും തിങ്കളാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ ആരും സമീപത്തേക്ക് പോകരുതെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അപകട സാധ്യതകളെ നേരിടുന്നതിന് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും അബുദാബി പോലീസ് അറിയിച്ചു. കാലാവസ്ഥ കേന്ദ്രത്തിന്റെ വെബ്സൈറ്റിലും ട്വിറ്റര്‍ പേജിലും വിവരങ്ങള്‍ തത്സമയം ലഭ്യമാകും.

കിഴക്കന്‍ തീരപ്രദേശങ്ങളിലും രാജ്യത്തിന്റെ വടക്കന്‍ ഭാഗങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴയുടെ തോത് വ്യത്യസ്തമാകുമെങ്കിലും പലയിടങ്ങളിലും ശക്തമായ കാറ്റും മഴയുമുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കി. കാറ്റും മഴയും ദൂരക്കാഴ്ച കുറയ്ക്കുമെന്നും വാഹനം ഓടിക്കുന്നവര്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. കടലിന്റെയും ജലസംഭരണികളുടെയും സമീപം പോകരുതെന്നും മുന്നറിയിപ്പുണ്ട്.

ശനിയാഴ്ച ഫുജൈറയിലെ ദിബ്ബ-മസാഫി റോഡ്, വാദി അല്‍ ഹിലോ-കല്‍ബ റോഡ്, അല്‍ ഇജീലി തുവ, മസാഫിയിലെ പര്‍വതമേഖലകളായ മുദാബ്, സിക്കംകം, ആസ്മ, വാദി സദര്‍ എന്നിവിടങ്ങളില്‍ കനത്ത മഴ പെയ്തു. ശക്തമായ മഴ മണിക്കൂറുകള്‍ നീണ്ടതോടെ ഫുജൈറയിലെ താഴ്ന്ന മേഖലകള്‍ വെള്ളത്തിലായി. വരുന്ന രണ്ടോ മൂന്നോ ദിവസങ്ങളില്‍ കൂടി ഇവിടെ മഴയ്ക്കു സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്.