ഷാര്‍ജയില്‍ നിന്ന് ഇന്ത്യയിലേക്ക് വിമാന സര്‍വീസ്; എയര്‍ അറേബ്യ ബുക്കിംഗ് തുടങ്ങി

ഷാര്‍ജയില്‍ നിന്ന് ഇന്ത്യയിലേക്ക് വിമാന സര്‍വിസ് തുടങ്ങുന്നതിന് എയര്‍ അറേബ്യ ബുക്കിംഗ് ആരംഭിച്ചു. ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് ബുക്കിംഗ് തുടങ്ങിയത്. ജൂണ്‍ ഒന്നു മുതല്‍ സര്‍വീസ് തുടങ്ങുന്നുവെന്നാണ് വെബ്‌സൈറ്റില്‍ കാണിച്ചിരിക്കുന്നത്. കേരളത്തില്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കാണ് സര്‍വീസ്.

കൊച്ചിയിലേക്ക് ജൂണ്‍ ഒന്നിന് ഉച്ചക്ക് 1.10-നാണ് ആദ്യ വിമാനം പുറപ്പെടുന്നതെന്ന് വെബ്‌സൈറ്റില്‍ പറയുന്നു. രണ്ടാമത്തെ വിമാനം രാത്രി 9.45ന് പുറപ്പെടും. തുടര്‍ന്നുള്ള ദിവസങ്ങളിലും ഈ വിമാനങ്ങള്‍ സര്‍വീസ് നടത്തും. തിരുവനന്തപുരത്തേക്കും ഉച്ചക്കും രാത്രിയിലും സര്‍വീസുണ്ട്. കോഴിക്കോട്ടേക്ക് രാത്രി 10.10-നാണ് വിമാനം. കൊച്ചിയിലേക്ക് കുറഞ്ഞ നിരക്ക് 700 ദിര്‍ഹമാണ് (ഏകദേശം 14,000 ഇന്ത്യന്‍ രൂപ). തിരുവനന്തപുരത്തേക്ക് 750 ദിര്‍ഹം (15,000 രൂപ), കോഴിക്കോട് 800 ദിര്‍ഹം (16,000 രൂപ) എന്നിങ്ങനെയാണ് നിരക്കുകള്‍.

എന്നാല്‍, യാത്രാവിമാനങ്ങള്‍ക്ക് ഇന്ത്യ അനുമതി നല്‍കാത്തതിനാല്‍ വിമാനം പറക്കുന്നത് എത്രത്തോളം യാഥാര്‍ത്ഥ്യമാകുമെന്ന് പറയാന്‍ കഴിയില്ല. വിമാനം റദ്ദാക്കിയാല്‍ ടിക്കറ്റ് റീഫണ്ട് ചെയ്യുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. നേരത്തെ ഫ്‌ളൈ ദുബായ് ഇത്തരത്തില്‍ സര്‍വ്വീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് ബുക്കിംഗ് നിര്‍ത്തിയിരുന്നു.