പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി നല്‍കുന്ന തീരുമാനവുമായി സൗദി; ഇനി വാടക കാര്‍ മേഖലയിലും സ്വദേശിവത്കരണം

നിരവധി പ്രവാസികളെ ബാധിക്കുന്ന സുപ്രധാന തീരുമാനവുമായി സൗദി. ഇനി മുതല്‍ വാടക കാര്‍ മേഖലയിലും സ്വദേശിവത്കരണം (നിതാഖാത്) നടപ്പാക്കാനാണ് തീരുമാനം. ഒരുപാട് മലയാളികളെ ഇത് പ്രതികൂലമായി ബാധിക്കും. വിദേശ തൊഴിലാളികള്‍ മാര്‍ച്ച് 18-നു ശേഷം വാടക കാര്‍ മേഖലയില്‍ പാടില്ലെന്നു തൊഴില്‍ മന്ത്രാലയം ഇതിനകം കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. അനേകം പ്രവാസികള്‍ ജോലി ചെയ്യുന്ന മേഖലയാണിത്.

നേരെത്ത ജ്വല്ലറികളിലും മൊബൈല്‍ ഷോപ്പുകളിലും സൗദി സ്വദേശിവത്കരണം നടപ്പാക്കി തുടങ്ങിയിരുന്നു. വാടക കാര്‍ മേഖലയിലെ ഉടമകള്‍ ബഹുഭൂരിപക്ഷവും വിദേശികളാണ്. പക്ഷേ ഈ മേഖലയില്‍ ജോലി ചെയ്യുന്നവരില്‍ ഏറിയ പങ്കും പ്രവാസികളാണ്. പുതിയ തീരുമാനം വരുന്നതോടെ നിരവധി പ്രവാസികള്‍ക്ക് ജോലി നഷ്ടമാകും.

സ്വദേശിവത്കരണം നടപ്പാക്കുന്നതിനു വീഴ്ച്ച വരുത്തുന്ന ഉടമകള്‍ക്ക് കര്‍ശന ശിക്ഷ നല്‍കുമെന്നു തൊഴില്‍ മന്ത്രാലയം അറിയിച്ചു.