ഇറാൻ -അമേരിക്ക ആണവ ചർച്ച; സ്വാഗതം ചെയ്ത് ഖത്തർ

ഇറാൻ -അമേരിക്ക ആണവ ചർച്ചയെ സ്വാഗതം ചെയ്ത് ഖത്തർ. ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചയ്ക്ക് ആവശ്യമായ എല്ലാവിധ സാഹചര്യങ്ങളും ഒരുക്കാൻ തയ്യാറാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇറാനുമായും അമേരിക്കയുമായും അടുത്ത ബന്ധം പുലർത്തുന്ന ഗൾഫ് രാജ്യം എന്ന നിലയിൽ കൂടിയാണ് ചർച്ചയുടെ വേദിയായി ദോഹയെ തിരഞ്ഞെടുത്തത്.

യൂറോപ്യൻ യൂണിയൻ കോർഡിനേറ്ററുടെ സാന്നിധ്യത്തിൽ നടക്കുന്ന ചർച്ചയ്ക്ക് എല്ലാവിധ സൗകര്യങ്ങളും സജ്ജമാക്കുമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

അനൗപചാരിക ചർച്ച ഫലവത്താകട്ടെയെന്നും ആണവ കരാർ പുനരുജ്ജീവിപ്പിക്കാൻ കഴിയട്ടെയും ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രതീക്ഷ പ്രകടിപ്പിച്ചു.

2015 ലെ ഇറാൻ ആണവ കരാർ പുനഃസ്ഥാപിക്കുന്നതിന് വിയന്ന ആസ്ഥാനമായാണ് അനൗപചാരിക ചർച്ചകൾ നടത്തിയിരുന്നത്. 11 മാസമായി നടന്നുവന്ന ചർച്ച എങ്ങുമെത്തിയിരുന്നില്ല. പുതിയ വേദിയായി ദോഹയെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്.