പെരുന്നാളിനോട് അനുബന്ധിച്ച് നാല് ദിവസം സൗജന്യ പാര്‍ക്കിംഗ്; അനുമതി നൽകി ദുബായ്

പെരുന്നാള്‍ അവധി ദിവസങ്ങളില്‍ ദുബായിലെ പണമടച്ചുള്ള പൊതു പാര്‍ക്കിങ് സൗകര്യങ്ങള്‍ സൗജന്യമായി ഉപയോഗിക്കാമെന്ന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ) അറിയിച്ചു. ജൂലൈ 8 വെള്ളിയാഴ്ച മുതല്‍ ജൂലൈ 11 തിങ്കളാഴ്ച വരെ  നാലുദിവസമാണ്  പെരുന്നാൾ അവധി ലഭിക്കുക.

നാല് ദിവസങ്ങളിലും പൊതു പാര്‍ക്കിങ് സൗജന്യമായിരിക്കും. എന്നാല്‍ മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് ടെര്‍മിനലുകളില്‍ പണമടച്ചു തന്നെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ടിവരുമെന്നും അധികൃതർ വ്യക്തമാക്കിട്ടുണ്ട്.

യു.എ.യിലെ വിവിധ എമിറേറ്റുകളില്‍ എല്ലാ പൊതുഅവധി ദിവസങ്ങളിലും പൊതു പാര്‍ക്കിങ് സൗകര്യം സൗജന്യമായി നല്‍കാറുണ്ട്. സർവീസ് സെന്ററുകളും (വാഹനങ്ങളുടെ സാങ്കേതിക പരിശോധന) കസ്റ്റമ‍ർ കെയർ കേന്ദ്രങ്ങളും ജൂലൈ 8 വെള്ളിയാഴ്ച മുതൽ ജൂലൈ 11 തിങ്കൾ വരെ അടച്ചിരിക്കും. ജൂലൈ 12 ചൊവ്വാഴ്ച മുതൽ സേവനങ്ങൾ ഡ്യൂട്ടി പുനരാരംഭിക്കും.

ഉം റമൂൽ, അൽ മനാറ, ദെയ്‌റ, അൽ ബർഷ, ആർടിഎയുടെ ഹെഡ് ഓഫീസ് എന്നിവിടങ്ങളിലെ സ്‌മാർട്ട് കസ്റ്റമർ സെന്ററുകൾ 24 മണിക്കൂറും പതിവു പോലെ പ്രവർത്തിക്കും