'സെലൻസ്‌കി പുടിനായി, കമല ഹാരിസ് ട്രംപായി'! വീണ്ടും നാക്ക് പിഴച്ച് ജോ ബൈഡൻ; സ്ഥാനാർത്ഥിത്വത്തില്‍ ആശങ്ക

സ്ഥാനാർത്ഥിത്വത്തിൽ ആശങ്ക ഉയരുന്നതിനിടെ ബൈഡന് കുരുക്കായി നാക്കുപിഴയും. വാഷിങ്ടണില്‍ നടന്ന നാറ്റൊ ഉച്ചകോടിക്ക് ശേഷമുള്ള പത്രസമ്മേളനത്തില്‍ യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കിയെ ബൈഡൻ മാറിവിളിച്ചത് ‘പുടിൻ’ എന്നും വൈസ് പ്രസിഡന്റ് കമല ഹാരിസിന് പകരം ‘ട്രംപ്’ എന്നുമാണ്. നിരവധി രാജ്യങ്ങളുടെ പ്രതിനിധികൾ ഉണ്ടായിരുന്ന വേദിയിലാണ് ബൈഡൻ വലിയ നാക്കുപിഴ സംഭവിച്ചത്.

തന്റെ പ്രസംഗം തീർത്ത ശേഷം സെലൻസ്‌കിയെ മറുപടി പ്രസംഗത്തിനായി ക്ഷണിക്കുകയായിരുന്നു ബൈഡൻ. ‘ഇനി ഞാൻ യുക്രൈൻ പ്രസിഡന്റിനെ സംസാരിക്കാനായി ക്ഷണിക്കുകയാണ്. പുടിന് സ്വാഗതം’ എന്നായിരുന്നു ബൈഡന്റെ നാക്കുപിഴ. ശേഷം തെറ്റ് മനസിലായ ബൈഡൻ ഉടൻ തന്നെ തിരുത്തി. എന്നാൽ ഇതിനെ തമാശ രീതിയിൽ മാത്രമാണ് സെലൻസ്‌കി കണ്ടത്.

ഇതിന് പിന്നാലെ മാധ്യമങ്ങളെ കാണുമ്പോളായിരുന്നു ബൈഡന്റെ അടുത്ത നാക്കുപിഴ. വൈസ് പ്രസിഡന്റ് കമല ഹാരിസിനു പകരം ബൈഡൻ പറഞ്ഞ പേര് തന്റെ മുഖ്യ ശത്രു ഡൊണാൾഡ് ട്രംപിന്റേതാണ്. ‘ നോക്കൂ, വേണ്ടത്ര കഴിവില്ലെങ്കിൽ ഞാൻ ട്രംപിനെ വൈസ് പ്രസിഡന്റാക്കുമായിരുന്നോ’ എന്നായിരുന്നു പരാമർശം.

രണ്ട് വാരം മുൻപ് ട്രംപിനെതിരെ നടന്ന സംവാദത്തിലും ബൈഡൻ പിന്നോട്ടായിരുന്നു. ഇതിന് ശേഷമാണ് ബൈഡന്റെ പ്രായവും ആരോഗ്യസ്ഥിതിയും സംബന്ധിച്ച് ആശങ്കകള്‍ വർധിച്ചത്. ഇതോടെ ബൈഡന്റെ സ്ഥാനാർഥിത്വവും ശാരീരിക ക്ഷമതയും ചർച്ചയാകാൻ തുടങ്ങി. ബൈഡന് മറവിരോഗം ബാധിച്ചുവെന്ന് വിമർശനം ഉയർന്നിരുന്നു. ഇതിനിടെ ബൈഡന് പാർക്കിൻസൺസ് രോഗമുണ്ട് എന്ന വാർത്ത വരെ പ്രചരിച്ചിരുന്നു. എന്നാൽ അവയെയെല്ലാം വൈറ്റ് ഹൗസ് തള്ളിയിരുന്നു.

സംവാദത്തിലുണ്ടായ തിരിച്ചടി ജെറ്റ് ലാഗും പനിയും മൂലമായിരുന്നെന്നായിരുന്നു ബൈഡന്റെ പക്ഷം. പരിശോധനയില്‍ താൻ പൂർണ ആരോഗ്യവാനാണെന്ന് തെളിഞ്ഞതായും ഡോക്ടർമാർ മറ്റ് നിർദേശങ്ങളൊന്നും നല്‍കിയിട്ടില്ലെന്നും ബൈഡൻ പറയുന്നു. “പ്രസിഡന്റ് സ്ഥാനത്തേക്ക് എത്താൻ ഏറ്റവും അനുയോജ്യനായ വ്യക്തി ഞാനാണ്. ഞാൻ ട്രംപിനെ ഒരു തവണ പരാജയപ്പെടുത്തി, അത് ആവർത്തിക്കും,” ബൈഡൻ പറഞ്ഞു. അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായംകൂടിയ പ്രസിഡന്റായ ബൈഡൻ താൻ ഈ ചരിത്രം തുടരാനല്ല ആരംഭിച്ച ജോലി പൂർത്തിയാക്കാനാണ് ശ്രമിക്കുന്നതെന്നും ബൈഡൻ വ്യക്തമാക്കി.

Read more

അതേസമയം ബൈഡൻ സ്ഥാനാർഥിത്വം ഉപേക്ഷിക്കണമെന്ന് ഡ്രെമൊക്രാറ്റ്സിനിടയില്‍ നിന്ന് തന്നെ ആവശ്യം ശക്തമാണ്. വൈസ് പ്രസിഡന്റ് കമല ഹാരിസിനെ പരിഗണിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ കമല ചുമതലയേല്‍ക്കുന്നതില്‍ പൂർണ പിന്തുണയാണ് ബൈഡൻ പ്രഖ്യാപിച്ചിട്ടുള്ളത്.