യൂട്യൂബ് ചാനലിന് വ്യൂസ് കൂടാൻ വിമാനം തകര്‍ത്ത് യുവാവ്; 20 കൊല്ലം തടവുശിക്ഷ ലഭിച്ചേക്കും

യൂട്യൂബ് ചാനല്‍ വീഡിയോയ്ക്ക് വ്യൂസ് കൂട്ടാന്‍ വിമാനം തകര്‍ത്ത യുഎസ് യൂട്യൂബര്‍ക്ക് 20 കൊല്ലത്തെ ജയില്‍ ശിക്ഷ ലഭിക്കുമെന്ന് അധികൃതര്‍. സിംഗിള്‍ എന്‍ജിനുള്ള ചെറു വിമാനമാണ്   വാഷിംഗ്ടണിൽ  ട്രെവര്‍ ജേക്കബ് എന്ന യുവാവ്  തകര്‍ത്തത്. സ്വന്തം ചാനലിലെ വീഡിയോയ്ക്കു വേണ്ടിയാണ് വിമാനം തകര്‍ത്തതെന്നാണ് ഇയാളുടെ വിശദീകരണം . ട്രെവര്‍ വിചാരണ നേരിടാന്‍ തയാറാണെന്ന് വ്യക്തമാക്കിയതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.

2021 ഡിസംബറില്‍ കാലിഫോര്‍ണിയിലെ ലോസ് പദ്രേസ് നാഷണല്‍ ഫോറസ്റ്റിലാണ് വിമാനം തകര്‍ന്നത് . ‘ഞാനെന്റെ വിമാനം തകര്‍ത്തു’ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്. മുപ്പത് ലക്ഷത്തിലധികം വ്യൂസാണ് വീഡിയോയ്ക്ക് ഉള്ളത്. തുടര്‍ന്ന് ട്രെവറിന്റെ പ്രൈവറ്റ് പൈലറ്റ് ലൈസന്‍സ് ഫെഡറല്‍ അഡ്മിനിസ്‌ട്രേഷന്‍ റദ്ദാക്കി.

സെല്‍ഫിസ്റ്റിക്ക് ഉപയോഗിച്ചാണ് വീഡിയോ ചിത്രീകരിച്ചത്. വിമാനത്തിന്റെ പല ഭാഗങ്ങളില്‍ ക്യാമറകള്‍ ഘടിപ്പിച്ചിട്ടുണ്ടായിരുന്നു. പാരച്യൂട്ട് ഉപയോഗിച്ചാണ് ട്രെവര്‍ വിമാനത്തില്‍നിന്ന് ചാടിയത്. വീഡിയോയില്‍ വിമാനം തകര്‍ന്ന് താഴെക്ക് വീഴുന്നതായി കാണാം. ട്രെവര്‍ പാരച്യൂട്ട് ആദ്യമേ ധരിച്ചിട്ടുണ്ടായിരുന്നു. സംഭവത്തിൽ യുഎസിലെ നാഷണൽ ട്രാൻസ്പോര്‍ട്ടേഷൻ സേഫ്റ്റി ബോര്‍ഡ് കേസ് എടുത്തു.വിമാനം പ്രവര്‍ത്തനരഹിതമായിട്ടും എയര്‍ ട്രാഫിക്ക് കണ്‍ട്രോളുമായി ബന്ധപ്പെടാതിരുന്നത് ഫെഡറല്‍ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷന്‍ ചൂണ്ടിക്കാട്ടി.

അതേസമയം മനപ്പൂര്‍വ്വമാണ് വിമാനം തകര്‍ത്തതെന്ന് ട്രെവര്‍ സമ്മതിച്ചു. താന്‍ പരിചയസമ്പന്നനായ പൈലറ്റാണെന്നും സ്‌കൈ ഡൈവാണെന്നും കേസിനെതിരെ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞു. വാദം കേട്ടതിന് ശേഷം ശിക്ഷ വിധിക്കുമെന്നാണ് അധികൃതര്‍ തരുന്ന സൂചന.