മാനസികാരോഗ്യ അവബോധത്തിനായുള്ള പ്രവർത്തനം; ദീപിക പദുക്കോണിന് വേൾഡ് ഇക്കണോമിക് ഫോറം ക്രിസ്റ്റൽ അവാർഡ് സമ്മാനിച്ചു

മാനസികാരോഗ്യ അവബോധത്തിന് വേണ്ടി വാദിക്കുകയും മാനസികരോഗങ്ങളുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകൾക്കെതിരെ വ്യാപകമായി പ്രവർത്തിക്കുകയും ചെയ്ത ദീപിക പദുക്കോണിന് ഞായറാഴ്ച ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ ക്രിസ്റ്റൽ അവാർഡ് ദാന ചടങ്ങിൽ പുരസ്ക്കാരം. 34 കാരിയായ നടിക്ക് അവാർഡ് സമ്മാനിച്ചത് വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ വേൾഡ് ആർട്ട്സ് ഫോറത്തിന്റെ ചെയർമാനും സഹസ്ഥാപകയുമായ ഹിൽഡെ ഷ്വാബാണ്.

വിഷാദരോഗത്തിനെതിരെ പോരാടിയ വ്യക്തിയാണ് താനെന്ന് 2015 ൽ ദീപിക പദുക്കോൺ വെളിപ്പെടുത്തിയിരുന്നു, മാനസികാരോഗ്യവുമായി പൊരുതുന്നവരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ലൈവ് ലവ് ചിരി ഫൗണ്ടേഷൻ ദീപിക പദുക്കോൺ നടത്തുന്നുണ്ട്.