കോവിഡ്​-19: പ്രതിരോധത്തിനായി 12 ബില്യൺ ഡോളറിന്റെ അടിയന്തര സഹായം പ്രഖ്യാപിച്ച് ലോക ബാങ്ക്

കോവിഡ് 19 (കൊറോണ വൈറസ്) രോഗബാധ പ്രതിരോധിക്കാൻ ലോക രാഷ്ട്രങ്ങൾക്ക് ലോക ബാങ്ക് 1200 കോടി ഡോളറിന്റെ(87,534 കോടി രൂപ) അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. വേഗത്തിലും ഫലപ്രദവുമായ നടപടിയാണ് ലക്ഷ്യമിടുന്നതെന്ന് ലോക ബാങ്ക് പ്രസിഡന്റ് ഡേവിഡ് മാൽപാസ് മാധ്യമങ്ങളോട് പറഞ്ഞു. ലോകത്തിലെ ദരിദ്ര രാജ്യങ്ങളെ ലക്ഷ്യം വെച്ചുള്ള ഈ ധനസഹായം മെഡിക്കൽ ഉപകരണങ്ങൾക്കോ മറ്റു ആരോഗ്യ സേവനങ്ങള്‍ക്കോ ഉപയോഗിക്കാം.

കോവിഡ്​-19 ദരിദ്ര രാജ്യങ്ങൾക്ക്​ വലിയ ബാദ്ധ്യതയാവും വരുത്തുക. അതുകൊണ്ട്​ അവർക്ക്​ ആരോഗ്യ സംവിധാനങ്ങൾ ഏർപ്പെടുത്താൻ കൂടുതൽ ഫണ്ട്​ ആവശ്യമായി വരും. ഇതിനായാണ്​ അടിയന്തര സഹായം അനുവദിച്ചതെന്ന്​ ലോക ബാങ്ക്​ വ്യക്​തമാക്കി.

ബാങ്ക് പല അംഗരാജ്യങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കിലും, ഏതു രാജ്യങ്ങൾക്കാണ് സഹായം നൽകാൻ സാദ്ധ്യതയുള്ളതെന്ന് അദ്ദേഹം വിശദമാക്കിയില്ല. ഇതിൽ 8 ബില്യൺ ഡോളർ സഹായം അഭ്യർത്ഥിച്ച രാജ്യങ്ങൾക്കാവും ആദ്യഘട്ടത്തിൽ നൽകുക. എബോള, സിക്ക തുടങ്ങിയ രോഗങ്ങൾ വ്യാപിച്ചപ്പോഴും സഹായവുമായി ലോകബാങ്ക്​ രംഗത്തെത്തിയിരുന്നു.

ചൈനയിൽ ഡിസംബറിൽ പൊട്ടിപ്പുറപ്പെട്ട വൈറസ് ബാധയേറ്റ് ഇതിനോടകം മൂവായിരത്തിലധികം പേരാണ് മരിച്ചത്. രോഗബാധ 78 രാജ്യങ്ങളിൽ റിപ്പോർട്ടു ചെയ്തു. മൊറോക്കോ, അൻഡോറ, അർമീനിയ, ഐസ്‌ലാൻഡ് തുടങ്ങിയ രാജ്യങ്ങളിലാണ് പുതുതായി രോഗബാധയുണ്ടായത്. 90,000 ത്തിലധികം പേര്‍ക്കു ലോകമെമ്പാടും വൈറസ് ബാധ സ്ഥിരീകരിച്ചു.

അതേസമയം, കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ രാജ്യാന്തര നാണയ നിധിയും (ഐഎംഎഫ്) ലോക ബാങ്കും ഏപ്രിലിൽ നടത്താനിരുന്ന നേരിട്ടുള്ള മുഖാമുഖ ചർച്ചകൾ റദ്ദാക്കി. പകരം വീഡിയോ കോൺഫറൻസ് രീതിയിലേക്ക് മാറ്റാനാണ് തീരുമാനം. ധനകാര്യ മന്ത്രിമാർ, വികസന സെക്രട്ടറിമാർ, സംഘടനകളുടെ സെൻട്രൽ ബാങ്ക് ഗവർണർമാർ എന്നിവരുൾപ്പെടെ 10,000 പ്രതിനിധികൾ വാഷിംഗ്ടണിലേക്ക് പോകില്ലെന്നാണ് തീരുമാനം. 2001 സെപ്റ്റംബർ 11- ന് അമേരിക്കയിൽ നടന്ന ഭീകരാക്രമണ സമയത്തും സമാനരീതിയിൽ കൂടിക്കാഴ്ചകൾ റദ്ദാക്കിയിരുന്നു.