ചെര്‍ണോബിലില്‍ ആണവവികിരണത്തിന് സാദ്ധ്യത; മുന്നറിയിപ്പ് നല്‍കി ഉക്രൈന്‍

റഷ്യന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള ചെര്‍ണോബില്‍ ആണവകേന്ദ്രത്തില്‍നിന്ന് റേഡിയോ ആക്റ്റീവ് വികിരണത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ആണവകേന്ദ്രത്തിലേക്കുള്ള വൈദ്യുതി വിഛേദിക്കപ്പെട്ട സാഹചര്യത്തിലാണ് ഉക്രൈനിന്റെ മുന്നറിയിപ്പ്.

വൈദ്യുതി ബന്ധം പുനസ്ഥാപിക്കാന്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ഉക്രൈന്‍ ആവശ്യപ്പെട്ടു. അതിനിടെ റഷ്യ നിലപാട് മയപ്പെടുത്തുന്നതിന്റെ സൂചനകള്‍ നല്‍കി. ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാനാണ് താല്‍പര്യമെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

1986ലെ ആണവദുരന്തത്തിനുശേഷം ഡികമ്മീ ഷന്‍ ചെയ്ത റിയാക്ടറുകളും റേഡിയോ ആക്ടീവ് മാലിന്യസജ്ജീകരണങ്ങളുമടക്കം സ്ഥിതി ചെയ്യുന്ന പ്രത്യേക മേഖലയ്ക്കകത്താണ് ചെര്‍ണോബില്‍ ആണവനിലയം സ്ഥിതി ചെയ്യുന്നത്. മറ്റൊരു ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട നിരന്തര മുന്‍കരുതല്‍ നടപടിക്രമങ്ങളുടെ ഭാഗമായി ഇവിടെ 2,000ത്തോളം ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

നിലയം റഷ്യ നിയന്ത്രണത്തിലാക്കിയ ശേഷം ഇവിടെ 200ലേറെ സാങ്കേതിക വിദഗ്ധരും സുരക്ഷാജീവനക്കാരും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. ഇവരുടെ സു രക്ഷാ, ആരോഗ്യനില കൂടുതല്‍ വഷളാകുകയാണെന്ന് യുക്രൈന്‍ ആണവ നിയന്ത്രണ വകുപ്പിനെ ഉദ്ധരിച്ച് ഐ.എ.ഇ.എ വെളിപ്പെടുത്തി.