അടുത്തയാഴ്ച വന്‍ പ്രഖ്യാപനമെന്ന് ഡൊണള്‍ഡ് ട്രംപ്; ശ്രദ്ധാകേന്ദ്രമായി പാം ബീച്ചിലെ മരാലാഗോ; വീഴുമോ, വാഴുമോ ഉറ്റുനോക്കി ലോകം

ലോകശ്രദ്ധ വീണ്ടും തന്നിലേക്ക് ആകര്‍ഷിക്കാന്‍ പുതിയ പ്രഖ്യാപനങ്ങളുമായി അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അടുത്ത ആഴ്ച താന്‍ വന്‍ പ്രഖ്യാപനം നടത്തുമെന്ന് ട്രംപ് വെളിപ്പെടുത്തി. 2024 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ട്രംപ് തയാറെടുക്കുന്നതായി മുന്‍പ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കുന്നതാണോ പുതിയ പ്രഖ്യാപനമെന്ന് ലോകം ഉറ്റുനോക്കുകയാണ്.

2020ല്‍ തിരഞ്ഞെടുപ്പിലുണ്ടായ തോല്‍വി അംഗീകരിക്കാന്‍ ട്രംപ് തയാറായിരുന്നില്ല. തെരഞ്ഞെടുപ്പ് വീണ്ടും നടത്തുമെന്ന് വരെ പറഞ്ഞ് അധികാരത്തില്‍ നിന്നിറങ്ങാന്‍ മടിച്ച് നില്‍ക്കുകയായിരുന്നു ട്രംപ്. അതിനിടെ, തിങ്കളാഴ്ച യു.എസ് പ്രതിനിധി സഭയിലേക്കുള്ള ഇടക്കാല തെരഞ്ഞെടുപ്പിന് തൊട്ടു തലേന്നാണ് ട്രംപിന്റെ പ്രഖ്യാപനം പുറത്തുവന്നിരിക്കുന്നത്. നാളത്തെ ഏറ്റവും പ്രധാനപ്പെട്ട തെരഞ്ഞെടുപ്പിന്റെ വില കുറക്കാതെ തന്നെ പറയുന്നു. ഞാന്‍ നവംബര്‍ 15ന് വലിയ ഒരു പ്രഖ്യാപനം നടത്തും. ഫ്‌ലോറിഡയിലെ പാം ബീച്ചിലുള്ള മരാലാഗോയില്‍ വെച്ചായിരിക്കും പ്രഖ്യാപനമെന്ന് ട്രംപ് വെളിപ്പെടുത്തി. റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രതിനിധിയായ ട്രംപ് വീണ്ടും അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനാണ് സാധ്യത കല്‍പിച്ചിരിക്കുന്നത്.