'തീവ്രവാദത്തിന് നിങ്ങൾ നൽകുന്ന വലിയ സമ്മാനം, പലസ്തീൻ എന്നൊരു രാഷ്ട്രമുണ്ടാകില്ല'; വിദേശ രാജ്യങ്ങളെ വെല്ലുവിളിച്ച്‌ നെതന്യാഹു, അമേരിക്കയിൽ നിന്ന് തിരിച്ചെത്തിയാൽ മറുപടി

യുകെ, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഈ രാജ്യങ്ങളുടെ പലസ്തീനെ രാഷ്ട്രമായി പ്രഖ്യാപിച്ചുകൊണ്ടുള്ള തീരുമാനം തീവ്രവാദത്തിനുള്ള സമ്മാനമാണെന്നും നെതന്യാഹു പറഞ്ഞു. ജോർദാൻ നദിയുടെ പടിഞ്ഞാറ് ഭാഗത്ത് പലസ്തീൻ രാഷ്ട്രമുണ്ടാകില്ലെന്നും നെതന്യാഹു പറഞ്ഞു. അമേരിക്കയിൽ നിന്ന് തിരിച്ചെത്തിയാൽ ഇതിന് മറുപടി നൽകുമെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.

ഇന്നലെയായിരുന്നു പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചുകൊണ്ട് യുകെ, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ സംയുക്ത പ്രസ്താവന ഇറക്കിയത്. ഇതിന് പിന്നാലെയാണ് മുന്നറിയിപ്പുമായി നെതന്യാഹു രംഗത്തെത്തിയത്. ഇത് നേതാക്കൾക്കുള്ള തന്റെ കൃത്യമായ സന്ദേശമെന്ന് പറഞ്ഞുകൊണ്ടാണ് പലസ്തീനെ സ്വതന്ത്ര രാഷ്ട്രമാക്കാനുള്ള നീക്കം നടക്കില്ലെന്ന് നെതന്യാഹു തുറന്നടിച്ചത്. ഇത് തീവ്രവാദത്തിന് നിങ്ങൾ നൽകുന്ന വലിയ സമ്മാനമാണ്. നിങ്ങൾക്ക് മറ്റൊരു സന്ദേശം കൂടി താൻ നൽകുകയാണ്. അത് നടക്കാൻ പോകുന്നില്ല (പലസ്തീനെ രാഷ്ട്രമാക്കാനുള്ള നീക്കം). ജോർദാൻ നദിയുടെ പടിഞ്ഞാറൻ ഭാഗത്ത് പലസ്തീൻ രാഷ്ട്രമുണ്ടാകില്ല.

തീവ്രവാദ രാഷ്ട്രങ്ങൾക്ക് താൻ കടിഞ്ഞാണിട്ടു. അവർക്ക് മേൽ സമ്മർദ്ദം ചെലുത്തി. കൃത്യമായ രാഷ്ട്രീയ തന്ത്രങ്ങൾ പയറ്റിയും നിശ്ചയദാർഢ്യത്തോടെയുമാണ് തങ്ങൾ ഇത് നടപ്പിലാക്കിയത്. ജൂദിയയിലും സമാരിയയിലും ജൂത കുടിയേറ്റം തങ്ങൾ ഇരട്ടിയാക്കി. ഇത് തങ്ങൾ തുടരുമെന്നും നെതന്യാഹു പറഞ്ഞു.

അടുത്തയാഴ്ച നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭ സമ്മേളനത്തിന് മുന്നോടിയായായിരുന്നു യുകെയും കാനഡയും ഓസ്‌ട്രേലിയയും പലസ്തീനെ രാഷ്ട്രമായി പ്രഖ്യാപിച്ചത്. ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ സമാനം പ്രതീക്ഷിക്കുന്നുവെന്നായിരുന്നു യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറഞ്ഞത്. ഗാസയിൽ തടവിലുള്ള ബന്ധികളെ മോചിപ്പിക്കണമെന്ന് ഹമാസിനോട് ആവശ്യപ്പെട്ടതായി സ്റ്റാർമർ പറഞ്ഞു.

Read more

അമേരിക്കയുടെയും ഇസ്രയേലിന്റെയും കടുത്ത എതിർപ്പ് മറികടന്നാണ് പലസ്തിനെ യുകെ രാഷ്ട്രമായി പ്രഖ്യാപിച്ചത്. നേരത്തേ ട്രംപിന്റെ ബ്രിട്ടൻ സന്ദർശനത്തിനിടെയായിരുന്നു കെയർ സ്റ്റാർമർ പലസ്തീനെ രാഷ്ട്രമായി പ്രഖ്യാപിക്കുമെന്ന തീരുമാനം അറിയിച്ചത്. ബ്രിട്ടന്റെ തീരുമാനത്തോട് യോജിക്കുന്നില്ലെന്ന് ട്രംപ് പറഞ്ഞിരുന്നു. ഫ്രാൻസും ബെൽജിയവും പലസ്തീൻ രാഷ്ട്രം വേണമെന്ന നിലപാടിലാണ്. ഇവരും ഉടൻ പലസ്തീനെ രാഷ്ട്രമായി പ്രഖ്യാപിക്കും.