ഇന്ത്യന്‍ യാത്രക്കാരുള്‍പ്പെട്ട വിമാനം തടഞ്ഞുവച്ച സംഭവം; രണ്ട് പേരെ കസ്റ്റഡിയിലെടുത്ത് ഫ്രഞ്ച് പൊലീസ്

മുന്നൂറിലധികം ഇന്ത്യന്‍ യാത്രക്കാരുമായി നിക്കരാഗ്വയിലേക്ക് പോയ വിമാനം ഫ്രാന്‍സില്‍ തടഞ്ഞുവച്ച സംഭവത്തില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍. യാത്രക്കാരായ രണ്ട് പേരെയാണ് ഫ്രഞ്ച് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. യുഎഇയില്‍ നിന്ന് നിക്കരാഗ്വയിലേക്ക് പോയ വിമാനമാണ് മനുഷ്യക്കടത്തെന്ന് സംശയിച്ച് തടഞ്ഞുവച്ചത്.

റുമാനിയയില്‍ നിന്നുള്ള ലെജന്‍ഡ് എയര്‍ലൈന്‍സ് ചാര്‍ട്ടര്‍ ചെയ്ത വിമാനമാണ് വത്രി എയര്‍പോര്‍ട്ടില്‍ തടഞ്ഞത്. പാരിസില്‍ നിന്ന് 160 കിലോമീറ്റര്‍ അകലെയാണ് വത്രി എയര്‍പോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. വിമാനം ഇന്ധനം നിറയ്ക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു എയര്‍പോര്‍ട്ട് അധികൃതര്‍ വിമാനം തടഞ്ഞുവച്ചത്.

യാത്രക്കാര്‍ മനുഷ്യക്കടത്ത് ഇരകളാണെന്നുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിമാനം തടഞ്ഞതെന്നാണ് ലഭിക്കുന്ന വിവരം. ഇന്ത്യന്‍ അധികൃതരും സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി വരുന്നു. എന്നാല്‍ ലെജന്‍ഡ് എയര്‍ലൈന്‍സിന്റെ ഭാഗത്ത് നിന്ന് വീഴ്ചകളൊന്നും സംഭവിച്ചിട്ടില്ലെന്ന് എയര്‍ലൈന്‍സ് അഭിഭാഷക വ്യക്തമാക്കി. യാത്രക്കാര്‍ക്ക് എയര്‍പോര്‍ട്ടില്‍ തങ്ങാനുള്ള സൗകര്യങ്ങളൊരുക്കിയതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.