'സര്‍, ഞാന്‍ താങ്കളെ വന്നു കാണട്ടെ, പ്ലീസ്', പ്രധാനമന്ത്രി മോദി എന്നോട് ഇങ്ങനെയാണ് ചോദിച്ചതെന്ന് ഡൊണാള്‍ഡ് ട്രംപ്; 'ഇന്ത്യ 68 അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ ചോദിച്ചു വര്‍ഷങ്ങളായി കാത്തിരിക്കുന്നു'

സര്‍ പ്ലീസ് എന്ന് പറഞ്ഞാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ വന്നു കണ്ടുകൊള്ളട്ടെയെന്ന് അനുവാദം ചോദിച്ചതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയുടെ പ്രതിരോധ ഇടപാടുകളും വ്യാപാരപ്രശ്‌നങ്ങളും പരിഹരിക്കാനും പങ്കുവെക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ട് സമീപിച്ചെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒരു വേദിയില്‍ സംസാരിക്കവെ പറഞ്ഞത്. അപ്പാച്ചെ ഹെലികോപ്റ്ററുകളുടെ കാലതാമസത്തെക്കുറിച്ച് ‘സര്‍’ എന്ന് വിളിച്ച് മോദി തന്നോട് സംസാരിച്ചതായും തങ്ങള്‍ വ്യാപാരം നടത്തുന്നതിനായി വര്‍ഷങ്ങളായി കാത്ത് നില്‍ക്കുകയാണെന്നും ട്രംപ് വേദിയില്‍ പറയുന്നുണ്ട്.

‘ഇന്ത്യ അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ ഓഡര്‍ ചെയ്തു, അഞ്ചുവര്‍ഷമായിട്ടും അത് ലഭിച്ചില്ല. പ്രധാനമന്ത്രി മോദി എന്നെ കാണാന്‍ വന്നു. സര്‍, ഞാന്‍ താങ്കളെ വന്നു കാണട്ടെ? പ്ലീസ്, എന്നാണ് ചോദിച്ചത്’, ശരിയെന്ന് ഞാന്‍ പറഞ്ഞു.

മോദിയുമായി തനിക്ക് ശക്തമായ ബന്ധമുണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. തീരുവകളെച്ചൊല്ലി പ്രധാനമന്ത്രി മോദി തന്നോട് ഇപ്പോള്‍ കുറച്ച് അതൃപ്തിയിലാണെന്നും ട്രംപ് ഹൗസ് ജിഒപി മെമ്പര്‍ റിട്രീറ്റില്‍ സംസാരിക്കവെ പറഞ്ഞു.

‘അദ്ദേഹം ഇപ്പോള്‍ എന്നോട് അത്ര പ്രീതിയിലല്ല, കാരണം, നിങ്ങള്‍ക്കറിയാമല്ലോ, അവര്‍ ഇപ്പോള്‍ അധികതീരുവ നല്‍കുന്നു-‘

അധിക നികുതി ഈടാക്കി സമ്മര്‍ദ്ദത്തിലാക്കിയതോടെ താന്‍ പറഞ്ഞത് പ്രകാരമുള്ള നടപടിയിലേക്ക് ഇന്ത്യ കടന്നിരിക്കുന്നുവെന്ന് മേനി പറയുകയായിരുന്നു ട്രംപ്. റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങല്‍ ഇന്ത്യ ഗണ്യമായി കുറച്ചെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. യുഎസ് സമ്പദ്വ്യവസ്ഥയില്‍ തീരുവകളുടെ സ്വാധീനത്തെ കുറിച്ചും ട്രംപ് പറഞ്ഞു. തീരുവകള്‍ കാരണം തങ്ങള്‍ ധനികരാകുകയാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

Read more

പ്രതിരോധ ബന്ധങ്ങളെയും വ്യാപാരത്തെയും കുറിച്ച് സംസാരിക്കവെ, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയുടെ സൈനിക സംഭരണത്തിലെ കാലതാമസത്തെയും പ്രത്യേകിച്ച് അപ്പാച്ചെ ഹെലികോപ്റ്ററുകളെയും പരാമര്‍ശിച്ചു. ഇന്ത്യ വര്‍ഷങ്ങളായി ഹെലികോപ്റ്ററുകള്‍ക്കായി കാത്തിരിക്കുകയാണെന്നും വിഷയം ഇപ്പോള്‍ പരിഹരിക്കപ്പെടുകയാണെന്നും ട്രംപ് സൂചിപ്പിച്ചു. ഇന്ത്യ 68 അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ ഓഡര്‍ ചെയ്തിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു.