"ഭീകരതയ്‌ക്ക് എതിരായ പോരാട്ടത്തിൽ അഭൂതപൂർവമായ വിജയം കൈവരിച്ചു": പാക് സൈനിക മേധാവി

പാകിസ്ഥാന്റെ സായുധ സേന ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ അഭൂതപൂർവമായ വിജയം കൈവരിച്ചതായി പാകിസ്ഥാൻ സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വ. “സായുധ സേന, രാഷ്ട്രത്തിന്റെ പിന്തുണയോടെ, ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിലും രാജ്യത്ത് സാധാരണ നില കൊണ്ടുവരുന്നതിലും അഭൂതപൂർവമായ വിജയങ്ങൾ നേടി,” തിങ്കളാഴ്ച വൈകുന്നേരം പാകിസ്ഥാനിലെ റാവൽപിണ്ടിയിൽ നടന്ന പ്രതിരോധ, രക്തസാക്ഷി ദിനാചരണ പരിപാടിയിൽ സംസാരിക്കുകയായിരുന്ന കരസേനാ മേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വ പറഞ്ഞു.

പാകിസ്ഥാൻ സൈന്യവും രാഷ്ട്രവും തമ്മിലുള്ള ബന്ധം “മാതൃരാജ്യത്തിനെതിരായ ശത്രുവിന്റെ പിന്നിൽ നിന്നുള്ള തന്ത്രങ്ങളെ” എപ്പോഴും പരാജയപ്പെടുത്തിയ “ശക്തമായ കവചം” ആണെന്ന് ഖമർ ജാവേദ് ബജ്‌വ പ്രസ്താവിച്ചു.

“രാജ്യത്തിന്റെ പിന്തുണയില്ലെങ്കിൽ, ഏത് സൈന്യവും അയൽരാജ്യമായ [അഫ്ഗാനിസ്ഥാനിൽ] കണ്ടതു പോലെ ഒരു മണൽഭിത്തി മാത്രമാണെന്ന് തെളിയിക്കപ്പെടും,” ജനറൽ ഖമർ ജാവേദ് ബജ്‌വ പരിപാടിയിൽ പറഞ്ഞു.

യുദ്ധത്തിൽ തകർന്ന അഫ്ഗാനിസ്ഥാന്റെ വിധി മാറ്റുന്ന ഒരു സജ്ജീകരണം രൂപപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികളെ കുറിച്ച് പാകിസ്ഥാൻ കരസേനാ മേധാവി പറഞ്ഞു.

കഴിഞ്ഞ മാസം അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്ത തീവ്രവാദ സംഘടനയായ താലിബാനുമായി പാകിസ്ഥാന് അടുത്ത ബന്ധമാണുള്ളത്.

“കശ്മീർ വിഷയത്തിലും ഇന്ത്യൻ അധിനിവേശ കശ്മീരിലെ ജനങ്ങൾക്കും” പാകിസ്ഥാൻ സൈന്യത്തിന്റെ പിന്തുണയുണ്ടെന്ന് കശ്മീർ സംഘർഷത്തെ പരാമര്‍ശിച്ച്  ജനറൽ ഖമർ ജാവേദ് ബജ്‌വ പറഞ്ഞു. കശ്മീർ പ്രശ്‌നം സമാധാനപരമായി പരിഹരിക്കപ്പെടാതെ ഈ മേഖലയിൽ സമാധാനവും സ്ഥിരതയും നിലനിൽക്കില്ലെന്ന് ലോകം അറിയണമെന്നും ഖമർ ജാവേദ് ബജ്‌വ പറഞ്ഞു.

“പാകിസ്ഥാന്റെ സായുധ സേനയ്ക്ക് ബാഹ്യവും ആന്തരികവുമായ ഭീഷണികളെ ഉചിതമായ രീതിയിൽ നേരിടാൻ കഴിയും. പാകിസ്ഥാൻ എല്ലാ ശത്രുക്കളോടും ധൈര്യപൂർവ്വം പോരാടി, പ്രതിരോധ ശേഷിയിൽ സ്വയം സുസ്ഥിരത കൈവരിച്ചു. ഇത് രാജ്യത്തിന്റെ പ്രതിരോധത്തെ അഭേദ്യമാക്കുന്നു,” ഖമർ ജാവേദ് ബജ്‌വ പറഞ്ഞു.