കശ്മീര്‍ വിഭജനം; ഇന്ത്യക്കെതിരെ പാകിസ്ഥാന്റെ നയതന്ത്ര യുദ്ധം

ജമ്മു കശ്മീര്‍ വിഷയത്തില്‍ ശക്തമായ നടപടികളുമായി പാകിസ്ഥാന്‍. ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം തരംതാഴ്ത്താനും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം നിര്‍ത്തി വെയ്ക്കാനും പാകിസ്ഥാന്‍ തീരുമാനിച്ചു.

ജമ്മു കശ്മീരിനുള്ള പ്രത്യേകപദവി റദ്ദാക്കുകയും മേഖലയെ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്ത ഇന്ത്യയുടെ നടപടിക്കു പിന്നാലെയാണ് ഇത്. ജമ്മു കശ്മീരിലെയും നിയന്ത്രണരേഖയിലെയും സാഹചര്യം വിലയിരുത്താന്‍ ബുധനാഴ്ച വൈകീട്ട് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ദേശീയ സുരക്ഷാസമിതി യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങള്‍.

ഇന്ത്യയുടെ നടപടിക്കെതിരേ ഐക്യരാഷ്ട്രസഭയെയും രക്ഷാസമിതിയെയും സമീപിക്കാനും ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം പുനഃപരിശോധിക്കാനും യോഗത്തില്‍ തീരുമാനമായി. പാക് സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 14 കശ്മീര്‍ ജനതയ്ക്കുള്ള ഐക്യദാര്‍ഢ്യദിനമായും ഓഗസ്റ്റ് 15 കരിദിനമായും ആചരിക്കുമെന്നും പാക് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വിറ്ററില്‍ വ്യക്തമാക്കി.

“”ഇന്ത്യയിലെ പാക് സ്ഥാനപതിയെ തിരിച്ചുവിളിക്കും, പാകിസ്ഥാനിലെ ഇന്ത്യന്‍ സ്ഥാനപതിയെ പുറത്താക്കുകയും ചെയ്യും”” -പാക് വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷി പറഞ്ഞു. കശ്മീരിലെ ഇന്ത്യന്‍ നടപടി ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന ഇമ്രാന്‍ ഖാന്റെ ഭീഷണിക്കു പിന്നാലെയാണ് പാക് പ്രഖ്യാപനം. കശ്മീര്‍ താഴ്‌വരയില്‍ ഇന്ത്യ നടത്തുന്ന “മനുഷ്യാവകാശലംഘനങ്ങള്‍” ഉയര്‍ത്തിക്കാട്ടാന്‍ എല്ലാ നയതന്ത്ര മാര്‍ഗങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിക്കാനും സൈന്യത്തോട് ജാഗ്രത തുടരാനും ഇമ്രാന്‍ ഖാന്‍ ആഹ്വാനംചെയ്തിട്ടുണ്ട്.

പാകിസ്ഥാന്റെ ആക്ടിംഗ് ഹൈക്കമ്മീഷണര്‍ സയിദ് ഹൈദര്‍ ഷായാണ് ഇപ്പോള്‍ സ്ഥാനപതിയുടെ ചുമതല വഹിക്കുന്നത്. ഇന്ത്യയിലെ പാക് സ്ഥാനപതിയായി നിര്‍ദേശിച്ചിരുന്ന മോയിന്‍ ഉള്‍ ഹഖ് ഓഗസ്റ്റ് 16-ന് ചുമതലയേല്‍ക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം നടക്കുന്ന സാഹചര്യത്തില്‍ നയതന്ത്രാലയത്തിനുള്ള സുരക്ഷ ശക്തമാക്കണമെന്ന് പാകിസ്ഥാനിലെ ഇന്ത്യന്‍ നയതന്ത്രാലയം പാക് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പാക് വിദേശകാര്യ മന്ത്രി, ആഭ്യന്തര മന്ത്രി, സാമ്പത്തിക ഉപദേഷ്ടാവ്, കശ്മീര്‍കാര്യ മന്ത്രി, സേനാവിഭാഗങ്ങളുടെ മേധാവിമാര്‍, രഹസ്യാന്വേഷണവിഭാഗത്തിന്റെ തലവന്‍ തുടങ്ങിയവര്‍ ബുധനാഴ്ച നടന്ന സുരക്ഷാസമിതി യോഗത്തില്‍ പങ്കെടുത്തു.

2016-ല്‍ പഠാന്‍കോട്ടിലെ വ്യോമസേനാ ആസ്ഥാനത്തു നടന്ന ഭീകരാക്രമണത്തിനു ശേഷം ഇന്ത്യ പാകിസ്ഥാനുമായുള്ള ബന്ധം വിച്ഛേദിച്ചിരുന്നു. ഭീകരവാദവും ചര്‍ച്ചയും ഒന്നിച്ചു പോകില്ലെന്ന് പല സന്ദര്‍ഭങ്ങളിലും ഇന്ത്യ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.