ഇന്ത്യ പ്രത്യാക്രമണങ്ങൾ തുടങ്ങിയപ്പോൾ പാകിസ്ഥാൻ സൈനിക മേധാവി ബങ്കറിൽ അഭയം തേടിയെന്ന് സേനാ വൃത്തങ്ങൾ. റാവൽപിണ്ടിയിലെ നൂർ ഖാൻ വ്യോമതാവളത്തിൽ ഇന്ത്യ ആക്രമണം നടത്തിയപ്പോൾ പാക് സൈനിക മേധാവിയായ ജനറൽ സയ്യിദ് അസിം മുനീർ ബങ്കറിൽ അഭയം തേടിയെന്നാണ് വിവരം. മൂന്നു മണിക്കൂറോളം അസിം മുനീർ ബങ്കറിൽ ചെലവഴിച്ചെന്നും സേനാ വൃത്തങ്ങൾ പറയുന്നു.
വ്യോമതാവളത്തിലേക്ക് ഇന്ത്യൻ ആകാരമണം എത്തിയപ്പോൾ പാക്ഇ സൈന്യം ഭയക്കുകയും സുരക്ഷ മുൻനിർത്തി സൈനിക മേധാവി ബങ്കറിൽ അഭയം തേടുകയായിരുന്നുവെന്നുമാണ് വിവരം. അന്ന് മുതൽ അസിം മുനീർ സുരക്ഷിതമായ ഒരു വീട്ടിലാണ് കഴിയുന്നതെന്നും അതിനുശേഷം റാവൽപിണ്ടിയിലുള്ള ജനറൽ ഹെഡ്ക്വാർട്ടേഴ്‌സിലെ ഓഫീസിലേക്ക് തിരിച്ചെത്തിയിട്ടില്ലെന്നും പറയപ്പെടുന്നു. അതേസമയം മുനീറിന്റെ കുടുംബം നയതന്ത്ര പാസ്‌പോർട്ടുകൾ ഉപയോഗിച്ച് പാകിസ്ഥാൻ വിട്ടതായും വൃത്തങ്ങൾ പറയുന്നു.
പഹൽഹാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ദൗത്യം നടത്തിയതിന് പിന്നാലെ പാകിസ്ഥാൻ ഇന്ത്യയിലെ അതിർത്തി മേഖലയിൽ ആക്രമണം നടത്തിയിരുന്നു. ഇതിന് തിരിച്ചടിയായി ഇന്ത്യ റാവൽപിണ്ടിയിലടക്കം ആക്രമണം നടത്തിയിരുന്നു. റാവൽപിണ്ടിയിലെ സൈനിക കേന്ദ്രത്തിലടക്കമാണ് ഇന്ത്യ ആക്രമണം നടത്തിയത്.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക് സൈനിക മേധാവി ജനറൽ സയ്യിദ് അസിം മുനീർ രാജ്യം വിട്ടതായുള്ള പ്രചാരണവും സമൂഹമാധ്യമങ്ങളിൽ വ്യാപകമായിരുന്നു. ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നയതന്ത്രപരമായ ബന്ധത്തിൽ കർശന നിലപാടുകൾ സ്വീകരിച്ചതിന് പിന്നാലെയാണ് പാക് സൈനിക മേധാവി രാജ്യം വിട്ടതായി പ്രചാരണം വ്യാപകമായിരുന്നത്.