'കുറഞ്ഞത് ഒരു കോടി ആളുകളുടെ ജീവനാണ് ഞാന്‍ രക്ഷിച്ചതെന്ന് പാക് പ്രധാനമന്ത്രി പറഞ്ഞു, അത് മതിപ്പുണ്ടാക്കുന്ന കാര്യമാണ്'; വീണ്ടും ഇന്ത്യ- പാക് സംഘര്‍ഷം വ്യാപാര സമ്മര്‍ദ്ദം ചെലുത്തിയാണ് താന്‍ അവസാനിപ്പിച്ചതെന്ന് ആവര്‍ത്തിച്ച് ട്രംപ്

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം യുദ്ധത്തിലേക്ക് പോകാതിരുന്നത് തന്റെ ഇടപെടല്‍ മൂലമാണെന്ന് ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കുറഞ്ഞത് ഒരു കോടി ജനങ്ങളുടെ ജീവന്‍ രക്ഷിച്ചതിന് പാകിസ്ഥാന്‍ പ്രധാമന്ത്രി ഷെഹബാസ് ഷെരീഫ് തന്നോട് നന്ദി പറഞ്ഞുവെന്നും ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടു.

ന്യൂയോര്‍ക്കിലെ സതേണ്‍ ബൊളിവേഡ് തെരുവിനെ ഡൊണാള്‍ഡ് ജെ. ട്രംപ് ബൊളിവേഡ് എന്ന് പുനര്‍നാമകരണം ചെയ്ത ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ട്രംപ്. തന്റെ ഭരണകൂടത്തിന്റെ വിജയകരമായ വിദേശ ഇടപെടലുകളെക്കുറിച്ച് അഭിമാനമുണ്ടെന്ന് പറഞ്ഞ ട്രംപ്, ആണവായുധ ശേഷിയുള്ള ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയില്‍ സമാധാനം സ്ഥാപിച്ചതായി ആവര്‍ത്തിച്ച് വെളിപ്പെടുത്തി. ഇന്ത്യ ഡൊണാള്‍ഡ് ട്രംപിനെ ഇതുവരെ ഈ അവകാശവാദവുമായി ബന്ധപ്പെട്ട് വെല്ലുവിളിച്ചിട്ടില്ലെന്നതും പാകിസ്ഥാന്‍ ഈ അവകാശവാദം അംഗീകരിച്ചതാണെന്നതും വലിയ ദേശീയ ചര്‍ച്ചകള്‍ക്ക് കാരണമായിട്ടുണ്ട്.

ഇന്ത്യ- പാക് വിഷയം ഉഭയകക്ഷി പ്രശ്‌നമാണെന്നും ലോകത്ത് മറ്റൊരു രാജ്യത്തേയും ചര്‍ച്ചകളില്‍ ഇടപെടിയ്ക്കില്ലെന്നുമുള്ള രാജ്യത്തിന്റെ കാലങ്ങളായ നിലപാട് മോദി സര്‍ക്കാരിന്റെ കാലത്ത് അട്ടിമറിക്കപ്പെട്ടെന്ന വിമര്‍ശനം ഉയരുമ്പോഴും വിഷയത്തില്‍ തര്‍ക്കത്തിന് ഇല്ലെന്ന നിലപാടാണ് പ്രധാനമന്ത്രിയുടേയും ബിജെപിയുടേയും. ട്രംപിന്റെ വാദം വിദേശകാര്യ മന്ത്രാലയം ആദ്യഘട്ടങ്ങളില്‍ ഇലയ്ക്കും മുള്ളിനും കേടില്ലാത്ത വിധം തള്ളിയിരുന്നു. എന്നാല്‍ ലോകവേദികളില്‍ ട്രംപ് ഇന്ത്യ-പാക് യുദ്ധം തടഞ്ഞത് താനാണെന്ന് പലവട്ടം അവകാശപ്പെട്ടു കഴിഞ്ഞിട്ടും തടയാനോ പ്രതിരോധിക്കാനോ കേന്ദ്രസര്‍ക്കാര്‍ തയ്യാറല്ലെന്നത് ശ്രദ്ധേയമാണ്. യുദ്ധം അവസാനിപ്പിക്കാന്‍ ഇടപെട്ടത് ട്രംപാണെന്ന വാദം പാകിസ്ഥാന്‍ സ്വാഗതം ചെയ്തതാണ്, കൂടാതെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് പാകിസ്ഥാന്‍ ട്രംപിനെ നാമനിര്‍ദ്ദേശം ചെയ്തു.

‘ഒരു വര്‍ഷത്തിനുള്ളില്‍, എട്ട് സമാധാന ഉടമ്പടികള്‍ നടത്തി. ഗാസയിലെ യുദ്ധം അവസാനിപ്പിച്ചു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം വഷളാകുന്നതിന് മുന്‍പ് പരിഹരിച്ചു. പാക് പ്രധാനമന്ത്രി എന്നോട് പറഞ്ഞു, ഞാന്‍ കുറഞ്ഞത് 10 ദശലക്ഷം ആളുകളെ രക്ഷിച്ചുവെന്ന്, അത് മതിപ്പുണ്ടാക്കുന്ന കാര്യമാണ്. തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതില്‍ ഞാന്‍ മിടുക്കനാണ്. എല്ലാക്കാലവും അങ്ങനെയാണ്. വര്‍ഷങ്ങളായി അത് ചെയ്തിട്ടുണ്ട്. ഇതിന് മുന്‍പു പോലും. വ്യത്യസ്തങ്ങളായ യുദ്ധങ്ങളെ കുറിച്ചാണ് ഞാന്‍ സംസാരിച്ചുകൊണ്ടിരുന്നത്… ഇന്ത്യ, പാകിസ്താന്‍… അവര്‍ ആണവായുധങ്ങളുമായി അതിലേക്ക് കടക്കുകയായിരുന്നു.’

Read more

യുദ്ധത്തിലേക്ക് പോകുന്നപക്ഷം ഇരുരാജ്യങ്ങള്‍ക്കും മീതേ 350 ശതമാനം വീതം തീരുവ ചുമത്തുമെന്നും യുഎസുമായി വ്യാപാരം അനുവദിക്കില്ലെന്നും ഇന്ത്യയോടും പാകിസ്ഥാനോടും പറഞ്ഞിരുന്നെന്ന് ട്രംപ് അവകാശപ്പെട്ടു. യുദ്ധത്തിലേക്ക് കടക്കില്ലെന്ന് നരേന്ദ്ര മോദി തന്നോട് പറഞ്ഞുവെന്നും ട്രംപ് പറഞ്ഞു.