പഹല്‍ഗാം ഭീകരാക്രമണം കിരാതം: ഭീകരതക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യക്ക് പൂര്‍ണ പിന്തുണ; പാക്കിസ്ഥാന്‍ വാദങ്ങള്‍ തള്ളി റഷ്യ; ഇന്ത്യ സന്ദര്‍ശനം പ്രഖ്യാപിച്ച് വ്‌ളാദിമിര്‍ പുടിന്‍

ഇന്ത്യയുടെ ഭീകരതക്കെതിരായ പോരാട്ടത്തിന് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍. പഹല്‍ഗാം ഭീകരാക്രമണത്തിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നും അതിനുള്ള സഹായം റഷ്യ നല്‍കുമെന്നും
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പുടിന്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞു.

പഹല്‍ഗാം ഭീകരാക്രമണത്തെ കിരാതമെന്ന് വിശേഷിപ്പിച്ച പുടിന്‍, ഭീകരതക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം ആവശ്യമാണെന്നും വ്യക്തമാക്കിയതായി റഷ്യന്‍ എംബസി പ്രസ്താവനയില്‍ പറഞ്ഞു. ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന വാര്‍ഷിക ഇന്ത്യ-റഷ്യ ഉച്ചകോടിക്കുള്ള ക്ഷണം പുടിന്‍ സ്വീകരിച്ചതായും റഷ്യ വ്യക്തമാക്കി.

ഇന്ത്യ പാകിസ്താന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മോസ്‌കോയിലെ പാക് അംബാസിഡര്‍ സഹായം തേടി റഷ്യയെ സമീപിച്ചിരുന്നു ഇതിന് പിന്നാലെയാണ് റഷ്യ ഇന്ത്യക്ക് പിന്തുണ അറിയിച്ചത്. തന്ത്രപരമായ റഷ്യ-ഇന്ത്യന്‍ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള പ്രതിജ്ഞാബദ്ധത ഇരു നേതാക്കളും ആവര്‍ത്തിച്ചു.

അതേസമയം, രാജ്യത്തെ തിരഞ്ഞെടുത്ത 244 ജില്ലകളില്‍ ബുധനാഴ്ച മോക്ഡ്രില്‍ നടക്കാനിരിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി 48 മണിക്കൂറിനിടെ രണ്ട് തവണ കൂടിക്കാഴ്ച നടത്തി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. ജമ്മു കശ്മീരില്‍ നിയന്ത്രണ രേഖയില്‍ പാക് പ്രകോപനം തുടരുന്നതിനിടെയാണ് അജിത് ഡോവലിന്റെ കൂടിക്കാഴ്ചയെന്നതും ശ്രദ്ധേയമാണ്.

നിയന്ത്രണ രേഖയില്‍ 12-ാം ദിവസവും ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാക് സൈന്യം വെടിയുതിര്‍ക്കുന്നുണ്ട്. കുപ്വാര, ബാരാമുള്ള, പൂഞ്ച്, രജൗരി, മെക്കാര്‍, നവ്ഷേര, സുന്ദര്‍ബനി, അഖ്നൂര്‍ എന്നിവയ്ക്ക് എതിര്‍വശത്തുള്ള പ്രദേശങ്ങളില്‍ നിന്ന് പാക് സൈന്യം പ്രകോപനമില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നു.

ഇതിനിടെ കഴിഞ്ഞ ദിവസമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മോക്ഡ്രില്‍ പ്രഖ്യാപനം നടത്തിയത്. മിസൈല്‍-വ്യോമാക്രമണം തുടങ്ങിയ അടിയന്തര സാഹചര്യങ്ങളില്‍ ജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും എങ്ങനെ പ്രവര്‍ത്തിക്കണമെന്നതിന്റെ പരിശീലനം കൂടിയായ മോക്ഡ്രില്‍ രാജ്യത്ത് 1962ല്‍ ആണ് ആദ്യമായി പരീക്ഷിക്കപ്പെട്ടത്.

1962ലെ ഇന്ത്യ-ചൈന യുദ്ധ കാലത്ത് പരീക്ഷിക്കപ്പെട്ട മോക്ഡ്രില്‍ പിന്നീട് 1971ലെ പാക് യുദ്ധ കാലത്തും രാജ്യം പ്രയോഗിച്ചിരുന്നു. എന്നാല്‍ 1971ന് ശേഷം ഇതാദ്യമായാണ് രാജ്യത്ത് ജനങ്ങളെ മോക്ഡ്രില്‍ പരിശീലിപ്പിക്കുന്നത്. രാജ്യം യുദ്ധ സമാനമായ അന്തരീക്ഷത്തിലേക്ക് നീങ്ങുകയാണെന്ന ആശങ്കയും ഇതോടെ ഉടലെടുത്തിട്ടുണ്ട്.

അതിര്‍ത്തിയില്‍ സംഘര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ മുന്നൊരുക്കം ശക്തമാക്കുന്നതിന്റെ ഭാഗമായി തിരഞ്ഞെടുത്ത 244 ജില്ലകളിലായി 259 ഇടങ്ങളില്‍ മോക്ഡ്രില്ലുകള്‍ നടത്താനാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ എല്ലാ അണക്കെട്ടുകള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

Read more

കൂടുതല്‍ പൊലീസ് വിന്യാസം ഏര്‍പ്പെടുത്തി. വൈദ്യുത ഉല്‍പ്പാദന, ജലസേചന ഡാമുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്കാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. വൈദ്യുത ഉല്‍പ്പാദന കേന്ദ്രങ്ങള്‍ക്കും സുരക്ഷ കൂട്ടി. ഇന്ത്യ പാകിസ്ഥാന്‍ സംഘര്‍ഷ സാഹചര്യം നില്‍ക്കുന്നതിനിടെയാണ് അടിയന്തര സാഹചര്യം നേരിടാനുള്ള തയ്യാറെടുപ്പുകള്‍ കേന്ദ്രം കൈക്കൊണ്ടിരിക്കുന്നത്.