'നെതന്യാഹു കാണിക്കുന്നത് തെമ്മാടിത്തരം, ഗൾഫ് രാജ്യങ്ങൾ ഒന്നിച്ച് മറുപടി നൽകും'; ഇസ്രായേൽ ആക്രമണത്തിൽ നിലപാട് കടുപ്പിച്ച് ഖത്തർ പ്രധാനമന്ത്രി

ഖത്തറിലെ ഇസ്രായേൽ ആക്രമണത്തിൽ നിലപാട് കടുപ്പിച്ച് പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ ബിൻ ജാസിം അൽ താനി. നെതന്യാഹു കാണിക്കുന്നത് തെമ്മാടിത്തരമാണെന്നും ഇസ്രായേൽ നടത്തിയ ആക്രമണങ്ങൾക്ക് ഗൾഫ് രാജ്യങ്ങൾ ഒന്നിച്ച് മറുപടി നൽകുംമെന്നും ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ ബിൻ ജാസിം അൽ താനി പറഞ്ഞു. ഖത്തറിന് പിന്നാലെ യെമനിലും ഇസ്രയേല്‍ ആക്രമണം നടത്തിയിരുന്നു ഇതിന് പിന്നാലെയാണ് പ്രതികരണവുമായി ഖത്തർ പ്രധാനമന്ത്രി രംഗത്തെത്തിയത്.

യെമന്‍ തലസ്ഥാനമായ സനായിലാണ് ഖത്തറിന് പിന്നാലെ ഇസ്രായേൽ ബോംബാക്രമണം നടത്തിയത്. ആക്രമണത്തിൽ 35പേര്‍ കൊല്ലപ്പെട്ടു. 130 പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം സനായിലെയും അല്‍ ജാഫിലെയും ഹൂത്തി സൈനിക കേന്ദ്രങ്ങളെ ലക്ഷ്യം വച്ചാണ് ആക്രമണങ്ങള്‍ നടത്തിയതെന്ന് ഇസ്രായേല്‍ സൈന്യം പ്രതികരിച്ചു. ഹൂതികളുടെ പിആര്‍ ഡിപ്പാര്‍ട്ട്‌മെന്റും ഇന്ധന സംഭരണ കേന്ദ്രവും തകര്‍ത്തുവെന്നും ഇസ്രായേൽ അവകാശവാദം ഉന്നയിച്ചു.

വടക്കന്‍ പ്രവിശ്യയായ അല്‍ ജൗഫിലാണ് ആക്രമണം നടന്നത്. ഹൂതികളുടെ സൈനികകേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായി ഇസ്രയേല്‍ സ്ഥിരീകരിച്ചു. ഹൂതി കേന്ദ്രങ്ങള്‍ മാത്രമാണ് ലക്ഷ്യമിട്ടതെന്നാണ് ഇസ്രയേല്‍ വാദമെങ്കിലും റെസിഡന്‍ഷ്യല്‍ ഏരികളില്‍ ആക്രമണം നടന്നതായും സാധാരണക്കാര്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ടതായും യെമന്‍ ഭരണകൂടം ആരോപണം ഉന്നയിക്കുന്നുണ്ട്.

അല്‍-ജാഫിന്റെ തലസ്ഥാനമായ അല്‍-ഹസ്മിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലും സനയുടെ തെക്ക് പടിഞ്ഞാറുള്ള 60-ാം സ്ട്രീറ്റിലെ ഒരു മെഡിക്കല്‍ ഫെസിലിറ്റിക്ക് നേരെയും ആക്രമണം നടന്നെന്നും യെമന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രായേലിനെതിരെ രഹസ്യ വിവരങ്ങള്‍ ശേഖരിക്കുകയും ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുകയും ചെയ്യുന്ന ഹൂതികളുടെ തന്ത്രപ്രധാന കേന്ദ്രങ്ങളെ ആക്രമിച്ചുവെന്നാണ് ഇസ്രയേല്‍ സൈന്യത്തിന്റെ പ്രസ്താവനയിലുള്ളത്.

Read more