'വെടിയേറ്റ എന്നെ വിളിച്ചത് എന്‍.ഡി.ടി.വി മാത്രം '; എംബസി ഉദ്യോഗസ്ഥര്‍ നല്‍കിയത് വെറും വാഗ്ദാനങ്ങള്‍ മാത്രമെന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥി

ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കെതിരെ ഉക്രൈനില്‍ വെടിയേറ്റ വിദ്യാര്‍ത്ഥി. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരുടേത് വെറും പൊള്ളയായ വാക്കുകളാണെന്നും തന്നെ സഹായിച്ചില്ലെന്നും കീവില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വെടിയേറ്റ ഇന്ത്യന്‍ വിദ്യാര്‍ഥി ഹര്‍ജോത് സിങ്ങ് പറഞ്ഞു. ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ വെടിയേറ്റ ശേഷം തന്നെ ബന്ധപ്പെടാന്‍ പോലും ശ്രമിച്ചില്ല. ദേശീയമാധ്യമമായ എന്‍ഡി ടിവിയാണ് വിളിച്ച് വിവരങ്ങള്‍ ആരാഞ്ഞത്. ശരീരത്തില്‍ നിന്നും വെടിയുണ്ടകള്‍ പുറത്തെടുത്തെങ്കിലും ശരീരം മുഴുവന്‍ മുറിവേറ്റിട്ടുണ്ടെന്ന് ഹര്‍ജോത് സിങ്ങ് എന്‍ഡി ടിവിയോട് പ്രതികരിച്ചു.

റഷ്യന്‍ ആക്രമണം രൂക്ഷമായ കീവില്‍നിന്നും ലെവിവിലേക്കു രക്ഷപ്പെടുന്നതിന്നിടയിലാണ് ഹര്‍ജോത് സിങ്ങിന് വെടിയേല്ക്കുന്നത്. ‘എന്റെ ചുമലിലാണ് വെടിയുണ്ട ആദ്യം തുളച്ചുകയറിയത്. നെഞ്ചില്‍നിന്നും ഒരു വെടിയുണ്ട പുറത്തെടുത്തു.’ കാലുകള്‍ക്കും സാരമായ പരുക്കേറ്റെന്നും ഹര്‍ജോത് പറയുന്നു.’

ലവിവിലെത്താന്‍ അടിയന്തിര സഹായം ആവശ്യപ്പെട്ട് ഇന്ത്യന്‍ നയതന്ത്ര കാര്യാലയവുമായി ബന്ധപ്പെട്ടിരുന്നു. എന്റെ കാലുകളില്‍ മുറിവേറ്റതുകൊണ്ട് നടക്കാനാവില്ല. കീവില്‍നിന്നും ലെവിവിലെത്താന്‍ സഹായം വേണമെന്ന് ഉദ്യോഗസ്ഥരോട് അഭ്യര്‍ഥിക്കുകയും ചെയ്തു. എന്നാല്‍ വെറും പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രമാണ് നയതന്ത്രകാര്യാലയം നല്‍കിയത്.

Read more

ഉക്രൈനില്‍ കുടുങ്ങിയ നിരവധി വിദ്യാര്‍ഥികള്‍ ഇപ്പോഴും പലയിടത്തും വീടുകളില്‍ അടച്ചിരിക്കുകയാണ്. എന്താണ് സംഭവിക്കുന്നതെന്ന് പോലും അറിയാതെ ഭീതിയില്‍ കഴിയുകയാണ് അവര്‍.’ യുക്രെയ്‌നിലെ യാഥാര്‍ഥ്യമെന്താണെന്ന് പുറംലോകം അറിയട്ടെന്നും ഹര്‍ജോത് കൂട്ടിച്ചേര്‍ത്തു.