യുഎസില്‍ കനത്ത നാശം വിതച്ച് ചുഴലിക്കാറ്റ്; 26 മരണം, നാല് പേരെ കാണാതായി

യുഎസില്‍ കനത്ത നാശം വിതച്ച് ചുഴലിക്കാറ്റ്. വെള്ളിയാഴ്ച രാത്രിയോടെ ആരംഭിച്ച ശക്തമായ കാറ്റിലും പേമാരിയിലും 26 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. നാല് പേരെ കാണാതായി. വൈദ്യുതബന്ധം വിച്ഛേദിക്കപ്പെട്ടതിനാല്‍ പല പ്രദേശങ്ങളും ഇരുട്ടിലാണ്.

തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ കൂടുതല്‍പ്പേര്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. രക്ഷാപ്രവര്‍ത്തനത്തിനായി കൂടുതല്‍ സേനയെ വിന്യസിച്ചെന്ന് മിസിസിപ്പി ദുരന്തനിവാരണ ഏജന്‍സി അറിയിച്ചു.

ജനങ്ങളെ സംരക്ഷിക്കാനാവശ്യമായതെല്ലാം ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ബൈഡന്‍ വ്യക്തമാക്കി. ചുഴലിക്കാറ്റിലുണ്ടായ നഷ്ടങ്ങള്‍ വീണ്ടെടുക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മിസിസിപ്പിയിലെ ജാക്‌സണില്‍ നിന്ന് 96 കിലോമീറ്റര്‍ അകലെ, വടക്കുകിഴക്കന്‍ മേഖലയിലാണ് ചുഴലിക്കാറ്റ് കൂടുതല്‍ നാശം വിതച്ചത്. മിസിസിപ്പിയുടെ ഉള്‍നാടന്‍ പട്ടണങ്ങളായ സില്‍വര്‍സിറ്റിയിലും റോളിങ് ഫോര്‍ക്കിലും 113 കിലോമീറ്റര്‍ വേഗത്തിലാണ് ചുഴലി ആഞ്ഞടിച്ചത്.

Read more

ദുരന്തസാഹചര്യം കണക്കിലെടുത്ത് മിസിസിപ്പി ഭരണകൂടം അതിജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പലയിടത്തും 30,000 അടി ഉയരത്തില്‍ വരെ ചുഴലിക്കാറ്റ് അവശിഷ്ടങ്ങളെ ഉയര്‍ത്തി എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.