ഭൂചനലത്തിന് പിന്നാലെ പാകിസ്ഥാനില്‍ കൂട്ട ജയില്‍ചാട്ടം; തടവുചാടിയവരില്‍ ഭൂരിഭാഗവും മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെട്ടവര്‍; രക്ഷപ്പെട്ടത് 200ല്‍ ഏറെ തടവുകാര്‍

പാകിസ്ഥാനിലുണ്ടായ ഭൂചലനത്തിന് പിന്നാലെ കറാച്ചിയിലെ ജയിലില്‍നിന്ന് ഇരുന്നൂറിലേറെ തടവുകാര്‍ രക്ഷപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. കറാച്ചിയിലെ മാളിര്‍ ജയിലില്‍ നിന്നാണ് 216 തടവുകാര്‍ ജയില്‍ ചാടിയത്. ഞായറാഴ്ച കറാച്ചിയില്‍ അനുഭവപ്പെട്ട ഭൂചലനത്തെ തുടര്‍ന്ന് സെല്ലുകളില്‍നിന്ന് തടവുകാരെ ഒഴിപ്പിക്കുന്നതിനിടെയാണ് കൂട്ട ജയില്‍ചാട്ടം. രക്ഷപ്പെട്ട തടവുകാരില്‍ 135 പേര്‍ ഇപ്പോഴും ഒളിവിലാണെന്നും ജയിലിലെ സംഘര്‍ഷത്തിനിടെ ഒരു തടവുകാരന്‍ മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

മാളിര്‍ ജയില്‍ സ്ഥിതിചെയ്യുന്ന മേഖലയില്‍ ഉള്‍പ്പെടെ പ്രകമ്പനം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് മുന്‍കരുതലെന്ന നിലയില്‍ തടവുകാരെ സുരക്ഷിതമായ ഇടത്തേക്ക് മാറ്റുന്നതിനിടെയാണ് കൂട്ടജയില്‍ച്ചാട്ടമുണ്ടായത്. ജയിലിലെ നാല്, അഞ്ച് സര്‍ക്കിളുകളിലെ തടവുകാരെ ബാരക്കുകളില്‍നിന്ന് മാറ്റിയശേഷമാണ് പലരും രക്ഷപ്പെട്ടതെന്ന് അധികൃതര്‍ പറഞ്ഞു. ഏകദേശം അറുന്നൂറിലേറെ തടവുകാരെയാണ് ഈ സമയം സെല്ലുകളില്‍നിന്ന് പുറത്തിറക്കിയിരുന്നത്.

Read more

തിക്കുംതിരക്കും സംഘര്‍ഷാവസ്ഥയും ഉടലെടുത്തതോടെ ജയില്‍ അധികൃതര്‍ക്കും സ്ഥിതിഗതികള്‍ നിയന്ത്രിക്കാനായില്ല. ഇതിനിടെയാണ് നൂറോളം തടവുകാര്‍ ഗേറ്റ് ബലമായി തുറന്ന് രക്ഷപ്പെട്ടതെന്നും റിപ്പോര്‍ട്ടുകളിലുണ്ട്. ജയിലിലുണ്ടായിരുന്ന തടവുകാരില്‍ ഭൂരിഭാഗവും മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെട്ടവരാണെന്നും ഇവരില്‍ പലരും മാനസികപ്രശ്ങ്ങള്‍ നേരിടുന്നവരാണെന്നും ജയില്‍ അധികൃതര്‍ പറയുന്നു.